TMJ
searchnav-menu
post-thumbnail

TMJ Daily

മനു ഭാക്കര്‍ അടക്കം നാലുപേര്‍ക്ക് ഖേല്‍രത്‌ന; മലയാളിയായ എസ് മുരളീധരന് ദ്രോണാചാര്യ

02 Jan 2025   |   1 min Read
TMJ News Desk

ഷൂട്ടിങ് താരം മനു ഭാക്കര്‍, ചെസ് താരം ഡി ഗുകേഷ്, ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാലിംപിക്‌സ് താരം പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്ക് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചു. പരിശീലകര്‍ക്ക് രാജ്യം നല്‍കുന്ന പരമോന്നത പുരസ്‌കാരമായ ദ്രോണാചാര്യ മലയാളിയായ ബാഡ്മിന്റണ്‍ പരിശീലകന്‍ എസ് മുരളീധരന് ലഭിച്ചു. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും ലഭിച്ചു. കേന്ദ്ര കായിക മന്ത്രാലയമാണ് ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ കായിക താരമായ 22 വയസ്സുള്ള മനു ഭാക്കറിനെ ഖേല്‍രത്‌നയുടെ സാധ്യതാ പട്ടികയില്‍ നിന്നും തഴഞ്ഞത് വിവാദമായിരുന്നു. പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വ്യക്തിഗത ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് ടീം ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.

പാരീസ് ഒളിംപിക്‌സില്‍ ഹര്‍മന്‍പ്രീത് നയിച്ച ഇന്ത്യന്‍ ഹോക്കി ടീം തുടര്‍ച്ചയായി രണ്ടാം തവണയും വെങ്കല മെഡല്‍ നേടിയിരുന്നു. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാണ് 18 വയസ്സുള്ള ഗുകേഷ്. കഴിഞ്ഞ വര്‍ഷം ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലും ഗുകേഷ് അംഗമായിരുന്നു.

പ്രവീണ്‍ കുമാര്‍ പാരീസ് പാരാലിംപിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 2020-ലെ ടോക്യോ പാരാലിംപിക്‌സില്‍ വെള്ളി മെഡല്‍ ജേതാവാണ് പ്രവീണ്‍. ജനുവരി 17-ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.



#Daily
Leave a comment