
REPRESENTATIVE IAMGE: WIKI COMMONS
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊല്ലം ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി പത്മകുമാര്‍, കൂട്ടുപ്രതികളായ ഭാര്യ എം.ആര്‍ അനിതകുമാരി, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റാണ് പൂയപ്പള്ളി പോലീസ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് പ്രതികളെ അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന്‍ ക്യാമ്പില്‍ എത്തിച്ചു ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിവരെ നീണ്ടു.
പത്മകുമാറിന്റെ ഭാര്യയും മകളും കുറ്റസമ്മതം നടത്തിയതായാണ് വിവരം. ഒരുമിച്ചിരുത്തിയും അല്ലാതെയും നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.
കൃത്യത്തിനു പിന്നില്‍ കടബാധ്യത
പത്മകുമാറിനും കുടുംബത്തിനും വലിയ കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. പത്മകുമാര്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പ എടുത്തിരുന്നതായും പറയപ്പെടുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴിയും ഇയാള്‍ പണമിടപാട് നടത്തിയിട്ടുണ്ട്. ഈ ബാധ്യതകള്‍ തീര്‍ക്കാനാണ് 10 ലക്ഷം രൂപയ്ക്കായി കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൃത്യത്തിനായി ദിവസങ്ങളുടെ ആസൂത്രണമാണ് പ്രതികള്‍ നടത്തിയത്. നിരവധി നമ്പര്‍ പ്ലേറ്റുകളും ഇതിനായി തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.
പണത്തിനായി പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായും ഓയൂരിലെ കുട്ടിയെ മാത്രം മൂന്നുതവണ കടത്താന്‍ ശ്രമിച്ചതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരുവര്‍ഷത്തെ തയ്യാറെടുപ്പിനു ശേഷമാണ് തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയത്.
ബറ്റാലിയന്‍ ക്യാമ്പില്‍ നിന്നും പൂയപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചശേഷം പ്രതികളെ വൈദ്യപരിശോധന നടത്തി കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. നിലവില്‍ പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും ബോസ് ആരാണെന്നതടക്കമുള്ള കാര്യങ്ങളിലും പോലീസ് അന്വേഷണം നടത്തും.
ബിടെക് കാരനായ പത്മകുമാര്‍ കേബിള്‍ ടിവി ഉള്‍പ്പെടെയുള്ള ബിസിനസ് സംരംഭങ്ങള്‍ നടത്തിവരികയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം രാത്രി പ്രതികള്‍ ഓട്ടോറിക്ഷയിലെത്തിയതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ചിറക്കര ഭാഗത്തുനിന്ന് പോലീസ് ഈ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
വിനയായത് കത്ത് കാറിലകപ്പെട്ടത്
തട്ടിക്കൊണ്ടുപോകുന്ന സമയം പത്മകുമാറും സംഘവും കുട്ടിയുടെ സഹോദരന്റെ കൈവശം ഭീഷണികത്ത് നല്‍കിയിരുന്നു. എന്നാല്‍ കുട്ടി കുറിപ്പ് വാങ്ങിയിരുന്നില്ല. കത്ത് കാറിനുള്ളില്‍ തന്നെ വീഴുകയായിരുന്നു. ഇതോടെയാണ് കുട്ടിയുടെ അമ്മയെ ഫോണ്‍ വിളിച്ചത്.
കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച് തിങ്കളാഴ്ച വൈകിട്ട് 4.45 ഓടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വെള്ളനിറത്തിലുള്ള ഹോണ്ട കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. എട്ടുവയസുകാരന്‍ സഹോദരന്‍ ജോനാഥനൊപ്പം സ്‌കൂള്‍വിട്ട് വീട്ടിലെത്തിയശേഷം ട്യൂഷന് പോകവെയാണ് സംഭവം. ഓയൂര്‍ പൂയപ്പള്ളി മരുതമണ്‍ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറില്‍ കാത്തുനിന്നവര്‍ കുട്ടികളെ ബലമായി വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. കാറിന്റെ വാതില്‍ അടയ്ക്കുന്നതിനിടെ ജോനാഥന്‍ രക്ഷപ്പെടുകയായിരുന്നു. അമ്മയ്ക്ക് കൊടുക്കാനെന്നു പറഞ്ഞ് പേപ്പര്‍ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്.
തുടര്‍ന്ന് കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് പ്രതികള്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് മറ്റൊരു ഫോണില്‍ നിന്ന് വിളിച്ച് കുട്ടി സുരക്ഷിതയാണെന്നും 10 ലക്ഷം രൂപ തന്നാല്‍ കുട്ടിയെ തിരികെ ഏല്പിക്കാമെന്ന് പറയുകയായിരുന്നു.