ആലുവയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍, എഎസ്‌ഐയുടെ മൊഴിയെടുത്തു
ആലുവയില്‍ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ വാടകയ്‌ക്കെടുത്ത് നല്‍കിയവരാണ് പിടിയിലായത്. കാര്‍ വാടകയ്‌ക്കെടുത്തത് സംബന്ധിച്ച് പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്‌ഐയുടെ മൊഴിയെടുത്തു. കാര്‍ വാടകയ്‌ക്കെടുത്ത് സൂഹൃത്തിന് നല്‍കിയതല്ലാതെ മറ്റൊന്നും അറിയില്ലെന്നാണ് എഎസ്‌ഐ നല്‍കിയ മൊഴി.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കഴക്കൂട്ടം വെട്ടുറോഡില്‍വെച്ച് പൊലീസ് കാര്‍ പിന്തുടരുന്നത്. തിരുവനന്തപുരം കണിയാപുരത്ത് വാടയില്‍മുക്ക് പുത്തന്‍കടവിനടുത്ത് കാര്‍ നിര്‍ത്തുകയും അകത്തുണ്ടായിരുന്നവര്‍ കടന്നുകളയുകയും ചെയ്തു. ഏഴോളം പേര്‍ ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. പത്തനംതിട്ട കുമ്പളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാര്‍ പല തവണ വാടകയ്ക്കായി കൈമാറ്റം ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പകപോക്കലാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ആലുവ റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്നും ഞായറാഴ്ച രാവിലെ 7.10 നാണ് യുവാക്കളെ ചുവപ്പ് നിറമുള്ള കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോകുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് സംഭവം സ്ഥിരീകരിച്ചു. പലയിടങ്ങളിലായി പേയ്‌മെന്റുകള്‍ നടത്തിയ യു പി ഐ ട്രാന്‍സാക്ഷന്‍ ഐഡിയും ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് പൊലീസ് പ്രതികളെ പിന്തുടര്‍ന്നത്. കാര്‍ പത്തനംതിട്ടയില്‍ നിന്നും വാടകയ്‌ക്കെടുത്തതാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.