PHOTO: WIKI COMMONS
രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവം; പിടിക്കപ്പെടാതിരിക്കാന്‍ പ്രതി രൂപമാറ്റം നടത്തി
ഫെബ്രുവരി 19 നു തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍കുട്ടി പിടിക്കപ്പെടാതിരിക്കാന്‍ മുടി മൊട്ടയടിച്ച് രൂപമാറ്റം നടത്തിയതായി പൊലീസ്. സംഭവത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് പഴനിയിലേക്ക് പോയ ഇയാള്‍ മുടി മൊട്ടയടിക്കുകയും തുടര്‍ന്ന് ആലുവയില്‍ എത്തി തട്ടുകടയില്‍ പണിയെടുക്കുകയും ചെയ്തതായാണ് കണ്ടെത്തല്‍.
വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി എന്ന കബീറിനെ കൊല്ലം ചിന്നക്കടയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ പോക്‌സോ കേസിലും മോഷണക്കേസുകളിലുമായി മൂന്നരവര്‍ഷം ജയിലിലായിരുന്നു ഇയാള്‍. പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ജാമ്യം കിട്ടി ഒരു മാസത്തിനുള്ളിലാണ് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ചാക്കയില്‍ ബ്രഹ്മോസില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സംഭവം നടന്നതിനുശേഷം പകല്‍ ലഭിച്ച ദൃശ്യങ്ങള്‍ ജയിലധികൃതരുടെ സഹായത്തോടെ പൊലീസ് തിരിച്ചറിയുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, പോക്സോ, വധശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
സംഭവദിവസം പ്രതി കൊല്ലത്തുനിന്നു വര്‍ക്കലയ്ക്ക് ട്രെയിന്‍ കയറിയെങ്കിലും ഉറങ്ങിപ്പോയതിനാല്‍ പേട്ട സ്റ്റേഷനിലിറങ്ങി. നടന്ന് ചാക്കയിലെത്തിയപ്പോള്‍ കുട്ടിയെ കാണുകയും മാതാപിതാക്കള്‍ ഉറങ്ങിയ ശേഷം കുട്ടിയെ എടുത്തുകൊണ്ടുപോവുകയുമായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ വായ മൂടിയെന്നും പിന്നീട് അനക്കമില്ലാതായപ്പോള്‍ മരിച്ചെന്ന് കരുതി പുലര്‍ച്ചയ്ക്ക് മുന്‍പ് കുട്ടിയെ ഉപേക്ഷിച്ചുവെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കുട്ടിയെ കാണാതായ സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെ റെയില്‍വേ സ്റ്റേഷനടുത്ത് ആറടിയിലധികം താഴ്ചയുള്ള കുഴിയില്‍ നിന്നാണ് കുട്ടിയെ
19 മണിക്കൂറിന് ശേഷം കണ്ടെത്തിയത്. ലൈംഗികാതിക്രമം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സി. നാഗരാജു പറയുന്നത്.
ഡി.എന്‍.എ. ഫലം ഇന്ന്
രണ്ടുവയസ്സുകാരിയെയും അമ്മയെയും വഞ്ചിയൂരിലുള്ള സംരക്ഷണകേന്ദ്രത്തിലേക്കും രണ്ടുവയസ്സുകാരിയുടെ സഹോദരങ്ങളായ മൂന്ന് ആണ്‍കുട്ടികളെ ശിശുക്ഷേമസമിതിയിലേക്കും മാറ്റിയിരുന്നു. അമ്മയെയും രണ്ടുവയസ്സുകാരിയെയും മാറ്റുന്നതിനെതിരെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. കുട്ടിയുടെ അമ്മ ഗര്‍ഭിണിയുമായതില്‍ ഭര്‍ത്താവിന് ഒപ്പം അയയ്ക്കാന്‍ ശിശുക്ഷേമസമിതി തീരുമാനിച്ചു. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ മാതാപിതാക്കളുടെ പക്കല്‍ ഇല്ലാത്തതുകൊണ്ടാണ് ഡി.എന്‍.എ. പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഡി.എന്‍.എ. അടക്കമുള്ള പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഇന്ന് ലഭിച്ചശേഷം മാത്രമേ കുട്ടികളെ വിട്ടുനല്‍കുകയുള്ളൂ.