
കിഫ്ബി വെന്റിലേറ്ററിലാണ്; പ്രതിപക്ഷ നേതാവ്
ധനകാര്യമന്ത്രി പറഞ്ഞതു പോലെ കിഫ് ബി ഇപ്പോള്‍ ഡ്രിപ്പ് കൊടുക്കേണ്ട അവസ്ഥയിലല്ലെന്നും കാരണം കിഫ്ബി വെന്റിലേറ്ററിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എപ്പോഴാണ് വെന്റിലേറ്റര്‍ ഊരേണ്ടതെന്ന് ബന്ധുക്കളോട് ഡോക്ടര്‍മാര്‍ ചോദിക്കേണ്ട അവസ്ഥയിലാണെന്നും സതീശന്‍ പറഞ്ഞു.
കിഫ്ബിയുടെ പണം എന്നത് ആരുടെയും തറവാട്ട് സ്വത്ത് വിറ്റ് ബാങ്കില്‍ ഇട്ടിരിക്കുന്ന പണമല്ലെന്നും മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും പെട്രോളിയം സെസ്സുമാണ് കിഫ്ബിയുടെ കോര്‍പ്പസെന്നും സതീശന്‍ പറഞ്ഞു. അങ്കമാലിയിലും പറവൂരും കൊട്ടാരക്കരയിലും ധര്‍മ്മടത്തും എല്ലാമുള്ള ജനങ്ങള്‍ കൊടുക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ടാക്സും ഞങ്ങളുടെ വോട്ടര്‍മാര്‍ കൊടുക്കുന്ന പെട്രോള്‍ ടാക്സുമാണ് ഈ പണമെന്നും അദ്ദേഹം പറഞ്ഞു.
ഒച്ചിഴയുന്ന വേഗതയിലാണ് കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ പോകുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതി എന്നാണ് പ്രഖ്യാപിച്ചിരുന്നത്. 65,000 കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. എട്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ആകെ പൂര്‍ത്തിയായത് 18,000 കോടി രൂപയുടെ പദ്ധതികള്‍ മാത്രമാണ്. ഇത് ധനകാര്യ മന്ത്രി നിയമസഭയില്‍ നല്‍കിയ കണക്കാണ്. പദ്ധതികള്‍ അനങ്ങുന്നില്ല. ഒരു എക്കണോമിക് മോഡല്‍ എന്ന് പറഞ്ഞ് അവതരിപ്പിച്ച കിഫ്ബിയിലെ ആദ്യത്തെ കോര്‍പ്പസ് ഫണ്ടാണ് മോട്ടോര്‍ വാഹന നികുതിയും പെട്രോളിയം നികുതിയും എന്നാണ് പറഞ്ഞത്. അതാകട്ടെ സഞ്ചിതനിധിയില്‍ നിന്നും എടുക്കുന്ന തുകയാണ്.
ധനകമ്മിയുടെ മൂന്ന് ശതമാനത്തിനും അപ്പുറം പണം പുറത്തു നിന്ന് കടം എടുക്കാമെന്നായിരുന്നു അന്നത്തെ ധനകാര്യ മന്ത്രിയുടെ വിചാരം. കടമെടുപ്പിന്റെ പരിധിയില്‍ വരാതെ കോടികള്‍ കടമെടുത്ത് വികസനപ്രവര്‍ത്തനം നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഇതിനെ ബജറ്റിന് പുറത്ത് നിര്‍ത്താന്‍ സാധിക്കില്ലെന്നും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കിഫ്ബിയുടെ ബാധ്യതകളും ഉള്‍പ്പെടുമെന്നാണ് അന്ന് പ്രതിപക്ഷം പറഞ്ഞത്. ആര്‍ട്ടിക്കില്‍ 293 ല്‍ ഇതു വ്യക്തവുമാണ്. എത്ര രൂപ കടം എടുത്താലും അത് എഫ്.ആര്‍.ബി.എം ആക്ടിന്റെ പരിധിയില്‍ വരും. സര്‍ക്കാര്‍ കടം എടുക്കുമ്പോള്‍ സ്റ്റേറ്റിന്റെ സോവറിന്‍ ഗ്യാരന്റിയാണ് നല്‍കുന്നത്. അപ്പോള്‍ കടം അടയ്ക്കുന്നതിന്റെ ഉത്തരവാദിത്തവും സംസ്ഥാനത്തിനു തന്നെയാണ്. കിഫ്ബി വരുമാനം ഉണ്ടാക്കുന്ന മോഡല്‍ അല്ലാത്തതു കൊണ്ടു തന്നെ ആത്യന്തികമായി കിഫ്ബിയുടെ കടം സര്‍ക്കാരിന്റെ തലയില്‍ വരും. കടമെടുപ്പിന്റെ പരിധി കേന്ദ്ര സര്‍ക്കാര്‍ മാറ്റിത്തന്നാലും ഈ പണം നിങ്ങള്‍ തിരിച്ചടയ്ക്കേണ്ടേ? ആ ബാധ്യതയില്‍ നിന്നും സംസ്ഥാനത്തിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് സതീശന്‍ പറഞ്ഞു.
പെട്രോളിയം സെസില്‍ നിന്നും മോട്ടോര്‍ വാഹന നികുതിയില്‍ നിന്നും കിട്ടുന്ന പണത്തിന് മീതെ വീണ്ടും ടോള്‍ ഏര്‍പ്പെടുന്നത് ട്രിപ്പിള്‍ ടാക്സേഷനാണ്. പണം കടമെടുത്താന്‍ ദേശീയപാതാ അതോറിറ്റി റോഡ് നിര്‍മ്മിക്കുന്നത്. എന്നിട്ടാണ് അവര്‍ ടോള്‍ പിരിക്കുന്നത്. എന്നാല്‍ പെട്രോളിയം സെസ്സും മോട്ടോര്‍ വാഹന നികുതിയും ഉപയോഗിച്ച് കിഫ്ബി നിര്‍മ്മിക്കുന്ന റോഡുകളില്‍ ടോള്‍ ഈടാക്കുന്നത് ട്രിപ്പിള്‍ ടാക്സേഷനാണ്. ഇത് നീതിപൂര്‍വകമായ നിലപാടല്ല.
9.72 ശതമാനം പലിശയ്ക്ക് മസാല ബോണ്ടായി 2,150 കോടി വാങ്ങിയിട്ട് 3,150 കോടിയാണ് തിരിച്ചടച്ചത്. അത് ബജറ്റില്‍ നിന്നാണ് തിരിച്ചടച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു ശതമാനത്തിന് വായ്പ കിട്ടുമ്പോഴാണ് ഇങ്ങനെ ചെയ്തത്. 1.5 ശതമാനം പലിശയ്ക്കാണ് യു.ഡി.എഫ് സര്‍ക്കാര്‍ മെട്രോയ്ക്ക് കടം എടുത്തത്. കുറഞ്ഞ പലിശയ്ക്ക് പണം കിട്ടുമ്പോഴാണ് നിങ്ങള്‍ പോയി മണി അടിച്ച് 9.72 ശതമാനത്തിന് മസാല ബോണ്ട് വാങ്ങിയത്. എന്നിട്ട് ആ പണം 6 ശതമാനത്തിന് ഇവിടുത്തെ ബാങ്കില്‍ ഇട്ടു. ഇതാണോ ആള്‍ട്ടര്‍നേറ്റീവ് എക്കണോമിക് മോഡല്‍ എന്ന് പറയുന്നതെന്ന് സതീശന്‍ ചോദിച്ചു.