TMJ
searchnav-menu
post-thumbnail

TMJ Daily

കിഫ്ബി റോഡ് ടോള്‍: ജനങ്ങളെ പിഴിയാന്‍ സര്‍ക്കാര്‍ നീക്കമെന്ന് കെ സുധാകരന്‍

04 Feb 2025   |   1 min Read
TMJ News Desk

ടോളിനെതിരെ ഇത്രയും നാള്‍ സമരം ചെയ്തവരാണ് സിപിഐഎമ്മുകാരെന്നും ടോള്‍ രഹിത റോഡുകളെന്നത് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനമായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.

കിഫ്ബിയുടെ കടം വര്‍ദ്ധിച്ച് തിരിച്ചടവ് ബുദ്ധിമുട്ടായപ്പോള്‍ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കെ സുധാകരന്‍ പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് സുധാകരന്‍ ആരോപിച്ചു.

കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും കരാറുകളും ദുരൂഹമാണെന്നും സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കുമായി കരാറുകള്‍ പലതും നല്‍കിയതും വന്‍ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായിയെന്നും സുധാകരന്‍ ആരോപിച്ചു.

കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകള്‍ എടുത്തതിലെ അപാകതകളുമാണ് നിലവിലെ  ധനപ്രതിസന്ധിക്ക് കാരണമെന്നും ക്രമവിരുദ്ധമായി കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റത് ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടം ഉണ്ടാക്കി.

റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.




 

#Daily
Leave a comment