പി വി സത്യനാഥ് | PHOTO: FACEBOOK
കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; വ്യക്തി വിരോധമെന്ന് പൊലീസ്
കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ കൊലചെയ്യപ്പെട്ട സിപിഎം ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സത്യനാഥിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വെങ്ങളത്ത് നിന്നാരംഭിക്കും.
തുടര്‍ന്ന് തിരുവങ്ങൂര്‍, പൂക്കാട്, പൊയില്‍ക്കാവ് എന്നിവിടങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചതിനുശേഷം മൂന്നുമണിക്ക് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് വൈകിട്ട് ഏഴുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി ഏരിയയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
മരണകാരണം കഴുത്തിനേറ്റ വെട്ട്
വ്യാഴാഴ്ച രാത്രി 10ന് കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രോത്സവത്തിനിടെയായിരുന്നു കൊലപാതകം. ഗാനമേള കേട്ടുകൊണ്ടിരിക്കെ, അക്രമികള്‍ പുറകിലൂടെ വന്ന് വെട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മഴുകൊണ്ട് നാലിലേറെ വെട്ടുകള്‍ ശരീരത്തിലേറ്റിട്ടുണ്ട്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും പറയുന്നു. ഗുരുതരമായി പരുക്കേറ്റ സത്യനാഥിനെ നാട്ടുകാര്‍ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രമണവുമായി ബന്ധപ്പെട്ട് പെരുവട്ടൂര്‍ പുറത്താന സ്വദേശിയും മുന്‍ സിപിഎം പ്രവര്‍ത്തകനുമായ അഭിലാഷ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ട്. ആക്രമണത്തിനു കാരണം വ്യക്തി വിരോധമാണെന്നാണ് പൊലീസ് പറയുന്നത്.