KIM JONG | PHOTO: TWITTER
ആയുധ ചര്‍ച്ചയ്ക്കായി കിം ജോങ് റഷ്യയിലേക്ക്; ഉപരോധത്തിനൊരുങ്ങി യുഎസ്
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചര്‍ച്ചയ്‌ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ മാസം അവസാനം കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് ആയുധ സഹായം നല്‍കുന്നതു സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. സ്വേച്ഛാധിപത്യ ഭരണകൂട തലവന്മാരുടെ കൂടിക്കാഴ്ചയെ യുഎസും സഖ്യരാജ്യങ്ങളും ആശങ്കയോടെയാണ് കാണുന്നത്. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
വളരെ അപൂര്‍വമായി മാത്രം ഉത്തരകൊറിയയില്‍ നിന്നു പുറത്തു പോകുന്ന കിം ജോങ് ഉന്‍ റഷ്യയുടെ പസഫിക് തീരത്തുള്ള വ്‌ളാഡിവോ സ്‌റ്റോക്കിലേക്ക് തന്റെ കവചിത തീവണ്ടിയില്‍ യാത്ര തിരിക്കുമെന്നാണ് സൂചന. ഈ മാസം 10 മുതല്‍ 13 വരെ വ്‌ളാഡിവോ സ്‌റ്റോക്കിലെ ഫാര്‍ ഈസ്‌റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ ഇരു നേതാക്കളും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
സൈനിക ഉടമ്പടിയിലേക്ക്
അടുത്തിടെ റഷ്യയുടെ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു ഉത്തരകൊറിയയുമായി സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഉത്തരകൊറിയയുടെ പക്കലുള്ള ഏറ്റവും പുതിയതും അത്യാധുനികവുമായ ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉള്‍പ്പെടെ സെര്‍ജി ഷോയ്ഗുവിന് മുന്നില്‍ പരിചയപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പീരങ്കി ഷെല്ലുകളും മിസൈലുകളും ഉത്തരകൊറിയയ്ക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പുടിന്റെ നിലപാട്. അതേസമയം, ഉത്തരകൊറിയ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ആണവ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെയുള്ളവ റഷ്യയ്ക്ക് കിം ജോങ് ഉന്‍ കൈമാറുമെന്നും സൂചനയുണ്ട്. തെക്കുകിഴക്കന്‍ മേഖലകളില്‍ യുക്രൈന്‍ പ്രത്യാക്രമണം കടുപ്പിച്ചത് റഷ്യന്‍ സൈന്യത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റഷ്യ ആയുധ സഹായത്തിനു വഴികള്‍ തേടുന്നത്.
റഷ്യന്‍ നീക്കത്തിനെതിരെ അമേരിക്ക
യുക്രൈനെതിരെ പ്രയോഗിക്കാനുള്ള മാരകായുധങ്ങള്‍ക്കായി റഷ്യ രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതിനെ കഴിഞ്ഞ ആഴ്ച യുഎസ് അപലപിച്ചിരുന്നു. ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും കത്ത് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്. ഉത്തരകൊറിയയ്ക്ക് ആയുധങ്ങള്‍ കൈമാറിയാല്‍ റഷ്യയ്ക്ക് നേരെ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലെത്തിയാല്‍ കൂടുതല്‍ തന്ത്രപരമായ ഇടപാടുകളായിരിക്കും നടക്കുക എന്നാണ് ലോക രാജ്യങ്ങളുടെ അനുമാനം. 2019 ലായിരുന്നു കിം ജോങ് ഉന്നും പുടിനും അവസാന കൂടിക്കാഴ്ച നടത്തിയത്.
അന്താരാഷ്ട്ര തലത്തില്‍ റഷ്യയും ഉത്തരകൊറിയയും നേരിടുന്ന നയതന്ത്ര ഒറ്റപ്പെടലില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമമാണ് സന്ദര്‍ശനം ലക്ഷ്യംവയ്ക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2022 ല്‍ റഷ്യയുടെ കൂലിപ്പട്ടാളമായ വഗ്നര്‍ ഗ്രൂപ്പിനും ഉത്തര കൊറിയ മിസൈലുകളും റോക്കറ്റുകളും കൈമാറിയിരുന്നു.