കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോ: ക്ഷമാപണം നടത്തി ദലൈലാമ
അനുഗ്രഹത്തിനായി അരികിലെത്തിയ ബാലന്റെ ചുണ്ടില്‍ ചുംബിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പപേക്ഷയുമായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. കാണാനെത്തുന്നവരോട് നിഷ്‌കളങ്കമായും തമാശയോടെയുമുള്ള സമീപനമാണ് താന്‍ പലപ്പോഴും നടത്താറുള്ളതെന്ന് ദലൈലാമ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒരു കുട്ടി, ദലൈലാമയോട് തന്നെ ആശ്ലേഷിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. തന്റെ അരികിലെത്തുന്ന ആളുകളോട് നിഷ്‌കളങ്കവും രസകരവുമായ രീതിയില്‍ പെരുമാറാറുണ്ടെന്നും എന്നാല്‍ ഇതില്‍ വേദനയുണ്ടാക്കിയതില്‍ ഖേദിക്കുന്നതായും ദലൈലാമയുടെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആ കുഞ്ഞിനോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള നിരവധി സുഹൃത്തുക്കളോടും തന്റെ പ്രവൃത്തികൊണ്ടുണ്ടായ വേദനയില്‍ ക്ഷമ ചോദിക്കുന്നതായും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഖേദപ്രകടനം നടത്തി.
കുട്ടിയുടെ ചുണ്ടില്‍ ഉമ്മ വച്ചശേഷം തന്റെ നാവില്‍ നക്കാന്‍ കഴിയുമോ? എന്നു ചോദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ദലൈലാമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെയാണ് ഖേദപ്രകടനം നടത്തിയിരിക്കുന്നത്.
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇത് ദലൈലാമ തന്നെയാണോ എന്നും എന്തിനാണ് കുട്ടിയോട് ഇങ്ങനെ ആവശ്യപ്പെട്ടത് എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ആളുകള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ദലൈലാമയ്‌ക്കെതിരെ ബാലപീഡനത്തിന് കേസെടുക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
അതേസമയം, ഇതാദ്യമായല്ല ദലൈലാമ വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്. തന്റെ പിന്‍ഗാമി ഒരു സ്ത്രീയാണെങ്കില്‍ അവള്‍ കൂടുതല്‍ ആകര്‍ഷകയായിരിക്കണമെന്ന് 2019 ല്‍ ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. പിന്നീട് അദ്ദേഹം മാപ്പ് പറയുകയായിരുന്നു.
അടുത്തിടെയാണ് എട്ടു വയസ്സുള്ള മംഗോളിയന്‍ ബാലനെ ബുദ്ധമതത്തിലെ ആത്മീയ നേതാവായി തിരഞ്ഞെടുത്തത്. ഖല്‍ഖ ജെറ്റ്‌സണ്‍ ധാംപ റിന്‍ പോച്ചെ പത്താമന്‍ എന്നാണ് പുതിയ അവകാശിയുടെ പേര്.
2016 ല്‍ ദലൈലാമ മംഗോളിയ സന്ദര്‍ശിച്ചപ്പോള്‍ ഈ കുട്ടിയെ ഉന്നത ആത്മീയ നേതാക്കളില്‍ ഒരാളായി അംഗീകരിച്ചിരുന്നു. ഒമ്പതാമത്തെ ഖല്‍ഖ ജെറ്റ്‌സണ്‍ റിന്‍ പോച്ചെ ഒരു ടിബറ്റന്‍ ആയിരുന്നു. അദ്ദേഹം 2012 ല്‍ മംഗോളിയയില്‍ വച്ച് മരിച്ചു. അദ്ദേഹത്തിന്റെ പുനര്‍ജന്മമാണ് പുതിയ കുട്ടി എന്നാണ് അവകാശവാദം.
മാര്‍ച്ച് എട്ടിന് നടന്ന ചടങ്ങില്‍ ഉന്നത ബുദ്ധ ആത്മീയ നേതാവ് ദലൈലാമ തന്നെയാണ് എട്ടു വയസ്സുകാരനെ റിന്‍ പോച്ചെയായി നാമകരണം ചെയ്തത്. ദലൈലാമയുടെ വസതിയായ ഹിമാചല്‍ പ്രദേശിലെ ധരംശാലയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. റിന്‍ പോച്ചെക്ക് ഒരു ഇരട്ട സഹോദരന്‍ കൂടിയുണ്ട്.
പുതിയ ലാമയെ തിരഞ്ഞെടുക്കാനുള്ള അധികാരം ചൈനയിലെ ഭരണകൂടത്തിനാണെന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ ഇതിനെ മറികടന്നായിരുന്നു ദലൈലാമയുടെയും സംഘത്തിന്റെയും തീരുമാനം.
1995 ല്‍ ദലൈലാമ തിരഞ്ഞെടുത്ത 11-ാം മത് പഞ്ചേംലാമയെയും കുടുംബത്തെയും ചൈനീസ് അധികൃതര്‍ തട്ടിക്കൊണ്ടു പോയിരുന്നു. ലാമയെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് ടിബറ്റന്‍ ബുദ്ധമതത്തിന്റെ രണ്ടാമത്തെ ഉന്നത ആത്മീയഗുരുവായ പഞ്ചേംലാമയായി ചൈന മറ്റൊരാളെ അവരോധിക്കുകയും ചെയ്തിരുന്നു.