എംഡി സാബു എം ജേക്കബ് | PHOTO: WIKI COMMONS
കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് ഇലക്ടറല്‍ ബോണ്ടായി ബിആര്‍എസിന് നല്‍കിയത് 25 കോടി
കിറ്റെക്‌സ് എംഡി സാബു ജേക്കബ് ഇലക്ടറല്‍ ബോണ്ടായി 25 കോടി ബിആര്‍എസിന് നല്‍കിയതായി റിപ്പോര്‍ട്ട്. തെലങ്കാനയില്‍ ഭരണകക്ഷിയായിരുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് രണ്ട് ഘട്ടങ്ങളിലായാണ് 25 കോടി ഇലക്ടറല്‍ ബോണ്ട് കൈമാറിയത്. തൊഴില്‍ ചട്ടലംഘനങ്ങളുടെ പേരില്‍ നിയമനടപടികള്‍ നേരിട്ട ഘട്ടത്തിലാണ് സാബു എം ജേക്കബ് തെലങ്കാനയില്‍ നിക്ഷേപം നടത്തുന്നത്.
2021 ജൂണില്‍ കേരളത്തിലെ 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കിറ്റെക്‌സ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിന് ശേഷം ജൂലൈയില്‍ തെലങ്കാനയിലെ വാറങ്കലില്‍ 1000 കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഇലക്ടറല്‍ ബോണ്ട് വിവരങ്ങളില്‍ നിന്നാണ് കണക്കുകള്‍ വ്യക്തമായത്.
തെലങ്കാന സര്‍ക്കാരുമായി രണ്ടുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് 15 കോടി രൂപ ആദ്യ ഘട്ടമായി ബിആര്‍എസിന് കൈമാറുന്നത്. രണ്ടാം ഗഡുവായി 10 കോടി രൂപ പിന്നീട് നല്‍കി. കിറ്റെക്‌സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡും ഒരു കോടി വീതം മൂല്യമുള്ള പതിനഞ്ച് ബോണ്ടുകള്‍ ജൂലൈ 17 ന് ബിആര്‍എസിന് സംഭാവന ചെയ്തു. ഇരു കമ്പനികളും 10 കോടിയുടെ ബോണ്ടുകള്‍ ഒക്ടോബര്‍ 16 ന് ബിആര്‍എസിന് നല്‍കി.