
ബോബി സൂപ്പര്‍ കോടതി ചമയേണ്ട; ജാമ്യം റദ്ദാക്കാന്‍ അറിയാം: ഹൈക്കോടതി
നടി ഹണി റോസിനെതിരെ അശ്ലീല പരാമര്‍ശം നടത്തി അറസ്റ്റിലായ ബോബി ചെമ്മണ്ണൂര്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും ഇറങ്ങാതെ സമരത്തിനൊരുങ്ങിയതിന് എതിരെ ഹൈക്കോടതി. മറ്റ് പ്രതികള്‍ക്ക് വേണ്ടി ജയിലില്‍ തുടരുമെന്ന് പറയാന്‍ ബോബി ചെമ്മണ്ണൂര്‍ ആരാണെന്ന് ചോദിച്ച കോടതി ബോബിയോട് നാടകം വേണ്ടെന്നും പറഞ്ഞു.
ബോബി ജയിലില്‍ നിന്നും ഇറങ്ങാത്തതിനെതിരെ കോടതി സ്വമേധയാ കേസെടുത്തിരുന്നു. 9.45ന് ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ബോബി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
ബോബി സൂപ്പര്‍ കോടതി ചമയേണ്ടെന്നും വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കാന്‍ അറിയാമെന്നും ഇന്നലെ ബോബിക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
തനിക്ക് മുകളില്‍ ആരുമില്ലന്ന് ബോബി കരുതേണ്ടെന്നും അത് കാണിച്ച് തരാമെന്നും പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താന്‍ കോടതിക്ക് അറിയാമെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി.
ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ജയിലില്‍ തുടര്‍ന്നുവെന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് കോടതിയെ അറിയിക്കണമെന്ന് ബോബിയുടെ അഭിഭാഷകനോട് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഇന്നലെ ജാമ്യം ലഭിച്ചിട്ടും ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ബോബി ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ജാമ്യം ലഭിച്ചിട്ടും ജാമ്യത്തുക കെട്ടിവയ്ക്കാന്‍ ഇല്ലാത്തതിനാല്‍ ജയിലില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി ജയിലില്‍ നിന്നും ഇറങ്ങാത്തതെന്ന് ഇന്നലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിയിട്ടില്ലെന്നും അതിനാലാണ് മോചനം വൈകുന്നതെന്നും ജയില്‍ അധികൃതര്‍ വിശദീകരിച്ചു.
റിമാന്‍ഡില്‍ കഴിയവേ ബോബിയെ ജയിലിലെ രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ രണ്ട് പേര്‍ ജയില്‍ ഉദ്യോഗസ്ഥനോടൊപ്പം സന്ദര്‍ശിച്ചുവെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.


