TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

കൊച്ചി മെട്രോ തൃപ്പൂണിത്തുറ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

06 Mar 2024   |   1 min Read
TMJ News Desk

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ നിന്ന് 
ഓണ്‍ലൈനായി മെട്രോ ഫ്ളാഗ് ഓഫ് ചെയ്തു. എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ വരുന്ന 1.18 കിലോമീറ്റര്‍ ദൂരത്തേക്കാണ് കൊച്ചി മെട്രോ എത്താന്‍ പോകുന്നത്. 
മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്നുള്ള ആദ്യ മെട്രോ യാത്രക്കാര്‍ ഭിന്നശേഷിക്കാരായ കുട്ടികളാണ്. ഇവരുമായി ട്രെയിന്‍ പുറപ്പെട്ട ശേഷം പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് ആരംഭിക്കും.

ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് എസ്എന്‍ ജംഗ്ഷന്‍- തൃപ്പൂണിത്തുറ സ്റ്റേഷന്‍ മേഖലയില്‍ ഉള്‍പ്പെട്ട 60 മീറ്റര്‍ ദൂരത്തിലാണ്.
ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാല്‍, ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ആലുവയില്‍ നിന്ന് എസ്എന്‍ ജങ്ഷന്‍ വരെയുള്ള യാത്രാനിരക്കായ 60 രൂപതന്നെ ആയിരിക്കും തൃപ്പൂണിത്തുറയിലേക്കും. 1.35 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40,000 ചതുരശ്രഅടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം.

സ്വപ്നസാക്ഷാത്കാരമെന്ന് മന്ത്രി പി രാജീവ്

തൃപ്പൂണിത്തുറ എസ്എന്‍ ജങ്ഷന്‍ സ്റ്റേഷന്‍മുതല്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനുസമീപംവരെ 1.163 കിലോമീറ്റര്‍ പാതയായ കൊച്ചി മെട്രോ ഫേസ് 1 ബിയുടെ നിര്‍മാണം 2020 ആഗസ്റ്റിലാണ് തുടങ്ങിയത്. എസ്എന്‍ ജങ്ഷന്‍ സ്റ്റേഷനില്‍നിന്ന് ആരംഭിച്ച് മില്‍മ പ്ലാന്റിനുമുന്നില്‍നിന്ന് റെയില്‍വേ മേല്‍പ്പാലം മുറിച്ചുകടന്ന് റെയില്‍പ്പാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തുകൂടി ടെര്‍മിനലിലേക്ക് നീളുന്ന പാതയുടെ ചെലവ് 356 കോടിയാണ്. കൊച്ചി മെട്രോ ഒന്നാം ഘട്ടം പൂര്‍ത്തിയായത് വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്നും തൃപ്പൂണിത്തുറ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗകര്യവും സഹായകരവുമാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്കുവരെ നീളുന്ന മെട്രോ റെയില്‍ രണ്ടാംഘട്ട പിങ്ക് പാതയ്ക്കുള്ള സ്ഥലമെടുപ്പും റോഡുകളുടെ വീതികൂട്ടലും പുരോഗമിക്കുന്നു. 11.2 കിലോമീറ്റര്‍ പാതയില്‍ 10 സ്റ്റേഷനുണ്ടാകും.


#Daily
Leave a comment