
കൊയിലാണ്ടി എടിഎം കവര്‍ച്ച; പരാതിക്കാരനും സുഹൃത്തുക്കളും അറസ്റ്റില്‍
കൊയിലാണ്ടിയിലെ എടിഎം കവര്‍ച്ചയില്‍ പരാതിക്കാരനും സുഹൃത്തുക്കളും അറസ്റ്റില്‍. കണ്ണില്‍ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവര്‍ന്നത് പ്രതികള്‍ നടത്തിയ നാടകമെന്ന് കൊയിലാണ്ടി പൊലീസ്. പയ്യോളി സ്വദേശിയകളായ സുഹൈല്‍, താഹ, യാസിര്‍ എന്നിരാണ് പിടിയിലായവര്‍. യാസിറിന്റെ പക്കല്‍നിന്നും 37 ലക്ഷം രൂപ കണ്ടെടുത്തു. സുഹൈലിന്റെ അറിവോടെ സുഹൃത്തുക്കള്‍ നടത്തിയ നാടകമാണ് കവര്‍ച്ചയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
സുഹൈല്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസിയുടെ ജീവനക്കാരനാണ്. ശനിയാഴ്ച അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്ന് എടിഎമ്മിലേക്ക് നിറയ്ക്കാന്‍ കൊണ്ടുപോകുന്ന പണം രണ്ടംഗ സംഘം കവര്‍ന്നു എന്നായിരുന്നു സുഹൈലിന്റെ പരാതി. പണം നിറയ്ക്കാന്‍ പോകവേ പര്‍ദ ധരിച്ചെത്തിയ രണ്ട് പേര്‍ വാഹനം തടഞ്ഞ ശേഷം മുളകുപൊടിയെറിഞ്ഞ് തന്നെ ബന്ധിയാക്കുകയും പണം കവര്‍ന്നെന്നും സുഹൈല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
വാഹനത്തിലുണ്ടായിരുന്ന 25 ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു സുഹൈലിന്റെ ആദ്യ മൊഴി. പൊലീസ് വിശദമായി മൊഴിയെടുക്കുന്നതിനിടെ 72 ലക്ഷം കവര്‍ന്നുവെന്ന് സുഹൈല്‍ മാറ്റി പറയുകയായിരുന്നു. തനിക്ക് ഒന്നും ഓര്‍മയില്ലെന്നും കവര്‍ച്ച നടക്കുമ്പോള്‍ ബോധം നഷ്ടപ്പെട്ടിരുന്നു എന്നാണ് സുഹൈല്‍ നല്‍കിയ വിശദീകരണം. ബോധം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിയുകയുകയും ശരീരമാകെ മുളകുപൊടി ഉണ്ടായിരുന്നുവെങ്കിലും കണ്ണിന്റെ ഭാഗത്തുണ്ടായിരുന്നില്ല എന്നത് പൊലീസിന്റെ അന്വേഷണം ഇവരിലേക്ക് നീങ്ങിയതിന് കാരണമായത്.