
കൊല്‍ക്കത്ത ബലാത്സംഗക്കേസ്; ആശുപത്രി ആക്രമിച്ച 19 പേര്‍ അറസ്റ്റില്‍, രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഐഎംഎ
കൊല്‍ക്കത്ത ബലാത്സംഗക്കേസില്‍ പ്രതിഷേധം തുടരവെ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജ് ആക്രമിച്ചവരില്‍ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. കൊലപാതകം നടന്ന ആശുപത്രി കെട്ടിടത്തിന്റെ ഭാഗങ്ങള്‍, അത്യാഹിത വിഭാഗം, നഴ്‌സിംഗ് സ്റ്റേഷന്‍, മെഡിസിന്‍ സ്‌റ്റോര്‍, സിസിടിവി ക്യാമറകള്‍ എന്നിവയാണ് അക്രമികള്‍ നശിപ്പിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെയും പൊലീസ് വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്.
സേവനങ്ങള്‍ പിന്‍വലിക്കുമെന്ന് ഡോക്ടര്‍മാര്‍
ട്രെയിനി ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി 24 മണിക്കൂര്‍ സേവനങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഐഎംഎ. ആഗസ്റ്റ് 14 ന് അര്‍ദ്ധരാത്രിയില്‍ പ്രതിഷേധക്കാര്‍ക്കും ആശുപത്രിയ്ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് സേവനങ്ങള്‍ പിന്‍വലിക്കുന്നത്. ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 6 മുതല്‍ ആഗസ്റ്റ് 18 ഞായറാഴ്ച രാലിലെ 6 വരെയാണ് പണിമുടക്ക്.
കൊലപാതകത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അസോസിയേഷന്റെ പ്രഖ്യാപനം. 24 മണിക്കൂറില്‍ സാധാരണ ഒപിഡികള്‍ ഉണ്ടാവില്ലെന്നും അവശ്യ സേവനങ്ങള്‍ നല്‍കുമെന്നും ഐഎംഎ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ വനിതാ വിഭാഗം ഇന്ന് റാലി നടത്തും. അതേസമയം മമത ബാനര്‍ജി നയിക്കുന്ന, പ്രതിഷേധ പരിപാടിയും നടക്കും. ആശുപത്രി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബംഗാളില്‍ 12 മണിക്കൂര്‍ പൊതു പണിമുടക്കിന ആഹ്വാനം ചെയ്തിരിക്കുകയാണ് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ.