.jpg)
കൊല്‍ക്കത്ത ബലാത്സംഗക്കേസ്; 24 മണിക്കൂര്‍ പണിമുടക്ക്, ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നത് അഞ്ച് ആവശ്യങ്ങള്‍
കൊല്‍ക്കത്തയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് സമരം പുരോഗമിക്കുന്നു. പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരായ അക്രമങ്ങള്‍ തടയാന്‍ നയം രൂപീകരിക്കണമെന്നതാണ് പ്രധാന ആവശ്യം. നിര്‍ബന്ധിത സുരക്ഷാ അവകാശങ്ങള്‍ നല്‍കിക്കൊണ്ട് ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവികള്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം, പ്രോട്ടോക്കോളുകള്‍ എന്നിവ ആവശ്യത്തില്‍ ഉള്‍പ്പെടുന്നു.
മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ട ഡ്യൂട്ടിയും വിശ്രമിക്കാന്‍ സുരക്ഷിതമായ ഇടമില്ലാത്തതും ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ജോലി സാഹചര്യങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ഐഎംഎ ആവശ്യപ്പെടുന്നു. കൊല്‍ക്കത്തയിലുണ്ടായ കൊലപാതകത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ആശുപത്രി ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. മരിച്ച ഡോക്ടറുടെ കുടംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ആശുപത്രി ആക്രമണം
ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജ് ആക്രമിച്ചവരില്‍ 19 പേരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. കൊലപാതകം നടന്ന ആശുപത്രി കെട്ടിടത്തിന്റെ ഭാഗങ്ങള്‍, അത്യാഹിത വിഭാഗം, നഴ്സിംഗ് സ്റ്റേഷന്‍, മെഡിസിന്‍ സ്റ്റോര്‍, സിസിടിവി ക്യാമറകള്‍ എന്നിവയാണ് അക്രമികള്‍ നശിപ്പിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെയും പൊലീസ് വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെ 6 മുതല്‍ ആഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 6 വരെയാണ് പണിമുടക്ക്. സാധാരണ ഒപിഡികള്‍ ഉണ്ടാവില്ലെന്നും അവശ്യ സേവനങ്ങള്‍ നല്‍കുമെന്നും ഐഎംഎ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.


