
കൊല്‍ക്കത്ത ബലാത്സംഗക്കേസ്; പശ്ചിമ ബംഗാളില്‍ ബിജെപി ബന്ദ്
പശ്ചിമ ബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ബന്ദ്. കൊല്‍ക്കത്തയടക്കം പ്രധാന നഗരങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ നീതി ഉറപ്പാക്കുക, മമത സര്‍ക്കാര്‍ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ഇതോടെ പ്രതിഷേധം സംഘര്‍ഷമായി മാറിയിരുന്നു.
സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊല്‍ക്കത്തയിലും ഹൗറയിലും സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. 200 ഓളം വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റാലിക്ക് അനുമതി നിഷേധിച്ച സര്‍ക്കാര്‍, 6000 ഓളം പൊലീസ് സന്നാഹത്തെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്.
ബന്ദ് പരാജയപ്പെടുത്താന്‍ ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍
ബന്ദ് പരാജയപ്പെടുത്താന്‍ ആളുകള്‍ പുറത്തിറങ്ങണമെന്നും കടകള്‍ തുറക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ബന്ദ് ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. ആശുപത്രികള്‍, പൊതുഗതാഗതം, റെയില്‍ സര്‍വീസ്, വൈദ്യുതി തുടങ്ങിയ അവശ്യസംവിധാനങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുമെന്നും ബിജെപി ബംഗാള്‍ പ്രസിഡന്റ് സുകന്ദ മജുംദാര്‍ പറഞ്ഞു.