
കൊല്‍ക്കത്ത ബലാത്സംഗക്കേസ്; പൊലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് സുപ്രീം കോടതി
കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് സുപ്രീം കോടതി. സംഭവത്തില്‍ പൊലീസ് എന്തുചെയ്യുകയായിരുന്നുവെന്ന് ചോദിച്ച കോടതി പൊലീസിന്റെ ഭാഗത്ത് നിന്ന് സമയബന്ധിതമായ നടപടി ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ബംഗാള്‍ സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. കൊലപാതകം നടന്ന ആശുപത്രിയില്‍ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സുരക്ഷ ഉറപ്പുവരുത്താന്‍ ദേശീയ ടാസ്‌ക് ഫോഴ്‌സ്
രാജ്യത്തുടനീളം ആശുപത്രികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു ടാസ്‌ക് ഫോഴ്‌സ് ഉടന്‍ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജൂനിയര്‍ ഡോക്ടര്‍മാരുടെയും വനിതാ ഡോക്ടര്‍മാരുടെയും അടക്കം നിര്‍ദേശങ്ങള്‍ ടാസ്‌ക് ഫോഴ്‌സ് പഠിക്കണമെന്നും കോടതി അറിയിച്ചു. ഇനിയും ഇത്തരം പീഡനങ്ങള്‍ നടക്കാന്‍ കാത്തിരിക്കരുതെന്നും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെ കുറിച്ച് ടാസ്‌ക് ഫോഴ്‌സ് നിര്‍ദേശം സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. മരണപ്പെട്ട ഒരു ഡോക്ടര്‍ക്ക് ഇങ്ങനെയാണോ ബഹുമാനം നല്‍കുന്നതെന്നും കോടതി ചോദിച്ചു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായതിന് മണിക്കൂറുകള്‍ക്ക് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യവും കോടതി ചോദ്യം ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടപടിയെടുത്തതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. സമാധാനമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഭരണകൂടത്തിന്റെ ബലം പ്രയോഗിക്കരുതെന്നും പ്രതിഷേധക്കാര്‍ക്ക് നേരെയും ആശുപത്രിക്ക് നേരെയും ഉണ്ടായ ആക്രമണം തടയാന്‍ എന്തുകൊണ്ട് സംസ്ഥാനത്തിന് കഴിഞ്ഞില്ലെന്നും കോടതി ചോദിച്ചു.