
കൊല്‍ക്കത്തയില്‍ മഞ്ഞ അംബാസിഡര്‍ ടാക്‌സികളെ പിന്‍വലിക്കുന്നു
പശ്ചിമ ബംഗാളിന്റെ പൈതൃകത്തിന്റെ ഭാഗമായ മഞ്ഞ നിറത്തിലുള്ള ടാക്‌സികളുടെ എണ്ണം കുറയ്ക്കുന്നു. 15 വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുള്ള വാണിജ്യ വാഹനങ്ങള്‍ക്ക് നഗരത്തില്‍ സഞ്ചരിക്കാന്‍ അനുവാദമില്ല. ഈ നയത്തിന്റെ ഭാഗമായി 1500 മഞ്ഞ ടാക്‌സികള്‍ ഘട്ടംഘട്ടമായി നഗരത്തില്‍ നിന്നും ഒഴിവാക്കും.
നിലവില്‍ 4,500 അംബാസിഡര്‍ കാറുകളാണ് നഗരത്തില്‍ മഞ്ഞ ടാക്‌സിയായുള്ളത്. ഇത് 2026 അവസാനത്തോടെ 3,000 ആയി കുറയ്ക്കും.
നഗരത്തില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുള്ള വാണിജ്യ വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ലെന്ന് 2008-ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കൊല്‍ക്കത്ത നഗരത്തിന്റെ അവിഭാജ്യ ഘടകമാണ് മഞ്ഞ ടാക്‌സികള്‍. മഞ്ഞ ടാക്‌സികള്‍ക്കുവേണ്ടി ഒരു പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കണമെന്ന് ഗതാഗത വകുപ്പിനോട് അനവധി ടാക്‌സി യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു.
മഞ്ഞ നിറത്തിലുള്ള അംബാസിഡര്‍ ടാക്‌സികളില്‍ പലതും നിരത്തിലോടിക്കാന്‍ യോഗ്യമാണെന്ന് ടാക്‌സി ഡ്രൈവര്‍ യൂണിയനുകള്‍ അവകാശപ്പെടുന്നു.15 വര്‍ഷത്തെ പരിധി പിന്‍വലിച്ചാല്‍, കൃത്യമായ അറ്റകുറ്റപ്പണി നടത്തി, എഞ്ചിന്‍ മാറ്റി അവയെ ഒരു അഞ്ചു വര്‍ഷം കൂടി ഓടിക്കാനാകും.
2019-20 ല്‍ 25,000 ത്തോളം മഞ്ഞ ടാക്‌സികള്‍ കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു. ഇത് ക്രമേണ കുറഞ്ഞു വന്നു. 2023 ല്‍ 8500 ആയി കുറഞ്ഞു. അടുത്ത ഏപ്രിലില്‍ ഇനിയും കുറയുമെന്ന് ഐഎന്‍ടിയുസിയുടെ സംസ്ഥാന പ്രസിഡന്റും ടാക്‌സി വിഭാഗത്തിന്റെ നേതാവുമായ പ്രമോദ് പാണ്ഡേ പറയുന്നു.
ഹൗറ പാലത്തിനും വിക്‌ടോറിയ മെമ്മോറിയലിനും ഒപ്പമാണ് ചരിത്രത്തിലും ജനമനസ്സുകളിലും മഞ്ഞ ടാക്‌സികളുടെ സ്ഥാനം. 1962 ലാണ് മഞ്ഞയും കറുപ്പും നിറമണിഞ്ഞ അംബാസിഡര്‍ ടാക്‌സികള്‍ കൊല്‍ക്കത്ത നഗരത്തില്‍ ഓടിത്തുടങ്ങിയത്.


