
കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം
കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികള്‍ക്ക് കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. നിരോധിത ഭീകര സംഘടനയായ ബേസ്മൂവ്മെന്റ് പ്രവർത്തകരും മധുര സ്വദേശികളായ ഒന്നാം പ്രതി അബ്ബാസ് അലി, രണ്ടാം പ്രതി ഷംസൂൺ കരീം രാജ, മൂന്നാം പ്രതി ദാവൂദ് സുലൈമാൻ, എന്നിവർക്കാണ് പ്രിൻസിപ്പൽ സെഷൻ ജഡ്ജി ജി ഗോപകുമാർ ശിക്ഷ വിധിച്ചത്. ഇവർക്കെതിരെ യുഎപിഎ നിലനിൽക്കുമെന്ന് കോടതി വിധിച്ചു. നാലാം പ്രതി ഷംസുദ്ദീനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു.
2016 ജൂലൈ 15ന് കൊല്ലം കളക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിയ്ക്ക് സമീപമായിരുന്നു ബോംബ് സ്ഫോടനം. മധുര കീഴവേളയിൽ ഒന്നാം പ്രതി നടത്തിവന്നിരുന്ന ദാറുൾഇലം ഗ്രന്ഥശാലയിൽ വച്ച് ബേസ്മൂവ്മെന്റ് എന്ന ഭീകരവാദ സംഘടനയ്ക്ക് രൂപം നൽകി ബോംബ് സ്ഫോടനം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. 2004 ജൂൺ 15ന് ഗുജറാത്തിൽ ഇസ്രത്ത് ജഹാനെയും മറ്റ് മൂന്ന് പേരെയും കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കളക്ടറേറ്റിന്റെ കാർ ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന തൊഴിൽവകുപ്പിന്റെ വാഹനത്തിന് സമീപമാണ് ബോംബ് സ്ഥാപിച്ചത്. സ്ഫോടനത്തിൽ കുണ്ടറ സ്വദേശിയ്ക്ക് പരിക്കേറ്റിരുന്നു.
കേസിൽ 63 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 110 രേഖകൾ 26 തൊണ്ടിമുതലുകൾ എന്നിവയും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഗവൺമെന്റ് പ്ലീഡർ സേതുനാഥും പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകൻ കുറ്റിച്ചൽ ഷാനവാസും ഹാജറായി.