Representational Image: Wiki Commons
കൊണ്ടോട്ടി ആള്‍ക്കൂട്ട കൊലപാതകം: നേരിട്ടത് ക്രൂര മര്‍ദനം
മലപ്പുറം കൊണ്ടോട്ടി കീഴിശ്ശേരിയില്‍ ബീഹാര്‍ സ്വദേശി മരണപ്പെട്ടത് അതിക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിന് ഒടുവില്‍. ഇതര സംസ്ഥാന തൊഴിലാളിയായ ബീഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. കൈകള്‍ പുറകിലേക്ക് കെട്ടി രണ്ടുമണിക്കൂറിലധികം സമയം നാട്ടുകാര്‍ ഇയാളെ മര്‍ദിക്കുകയായിരുന്നു.
കൊണ്ടോട്ടി കീഴിശ്ശേരിയില്‍ ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് 300 മീറ്റര്‍ മാറി മറ്റൊരു വീട്ടില്‍ നിന്നാണ് അവശനായ നിലയില്‍ രാജേഷിനെ കണ്ടെത്തിയത്. കൊല്ലപ്പെട്ട രാജേഷിന്റെ ശരീരമാസകലം പരുക്കേറ്റ പാടുകളുണ്ടെന്നും മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്കു മാരകമായി പരുക്കേറ്റിട്ടുണ്ടെന്നുമാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. രാജേഷ് ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു.
മര്‍ദനം കള്ളനെന്ന് ആരോപിച്ച്
മെയ് 12 ന് രാത്രിയായിരുന്നു സംഭവം. അതിനു രണ്ടുദിവസം മുമ്പാണ് രാജേഷ് മാഞ്ചി കോഴിത്തീറ്റ ഗോഡൗണില്‍ ജോലിക്കായി എത്തുന്നത്. രാവിലെ ആറുമണി മുതല്‍ വൈകിട്ട് എട്ടുമണി വരെ ഇയാള്‍ ഇവിടെ ജോലിക്കുണ്ടായിരുന്നു. അതിനുശേഷം മറ്റ് ജീവനക്കാര്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നു. ഗോഡൗണില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്ന നാല് വാതിലുകളും താക്കോല്‍ ഉപയോഗിച്ച് പൂട്ടിയ നിലയിലായിരുന്നു. എല്ലാവരും ഉറങ്ങിയശേഷം രാജേഷ് എന്തിനാണ് പുറത്തിറങ്ങിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. മോഷ്ടാവാണെന്ന് ആരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചത്. ക്രൂരമര്‍ദനത്തിനുശേഷം ഇയാള്‍ അവശനായതോടെ നാട്ടുകാര്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പ്ലാസ്റ്റിക് പൈപ്പുകളും മരക്കഷണങ്ങളും ഉപയോഗിച്ചായിരുന്നു മര്‍ദനം. നെഞ്ചിലും വാരിയെല്ലുകളിലും ഇടുപ്പിലും ഗുരുതര പരുക്കുകള്‍ സംഭവിച്ചു. ഏകദേശം രണ്ടുമണിക്കൂറോളം ഉപദ്രവിച്ചെന്നും ഇതിനുശേഷം അനക്കമില്ലാതായതോടെ സമീപത്തെ കവലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നതായും മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചു. മര്‍ദന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തി. രണ്ടു പ്രതികളുടെ മൊബൈലില്‍ നിന്നും ഈ ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തൊട്ടടുത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി പരിഭാഷപ്പെടുത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യലും മര്‍ദനവും. അതിഥി തൊഴിലാളികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവ നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സൈനുല്‍ ആബിദ് പോലീസ് കസ്റ്റഡിയിലാണ്. കൊണ്ടോട്ടി എസിപി ബി.വി വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്.
കീഴിശ്ശേരി സ്വദേശികളും വരുവള്ളി പിലാക്കല്‍ വീട്ടില്‍ അലവിയുടെ മക്കളായ മുഹമ്മദ് അഫ്‌സല്‍, ഫാസില്‍, ഷറഫുദ്ദീന്‍, കീഴിശ്ശേരി തവനൂര്‍ സ്വദേശികളായ മെഹബൂബ്, അബ്ദുസമദ്, നാസര്‍, ഹബീബ്, അയൂബ് എന്നിവരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം, കുറ്റകരമായ സംഘം ചേരല്‍, അക്രമം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.