
തായ്‌ലാൻഡിലും കൂടത്തായി മോഡൽ, സയനൈഡ് നൽകി കൊലപ്പെടുത്തിയത് 14 പേരെ, പ്രതിക്ക് വധശിക്ഷ
തായ്‌ലാൻഡിൽ സയനൈഡ് നൽകി മുൻ കാമുകനെയും സുഹൃത്തുക്കളെയും ഉൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. ലോകമാധ്യമ ശ്രദ്ധ പടിച്ചുപറ്റിയ കേരളത്തിലെ കൂടത്തായി കൊലപാതകത്തിന്റെ രീതിയാണ് തായ്‌ലാൻഡിലും സംഭവിച്ചത്. കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ 14 വർഷം കൊണ്ട് ആറ് പേരെ ഭക്ഷണത്തിൽ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയെന്നാണ് കേസ്. അതേസമയം, തായ്‌ലാൻഡിൽ സരാരത്ത് രംഗ്‌സിവുതപോം എന്ന യുവതി എട്ട് വർഷത്തിനിടയിൽ 14 പേരെയാണ് കൊലപ്പെടുത്തിയത്.
കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ വീട്ടമ്മയായ ജോളി 2002 ൽ ആരംഭിച്ച കൊലപാതകങ്ങൾ 2016 ൽ പിടിക്കപ്പെട്ടപ്പോൾ ആറ് പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ജോളി ഈ കേസിൽ പിടിക്കപ്പെടുന്നതിന് തൊട്ടുമുമ്പുള്ള വർഷമായ 2015 ഓടെയാണ് സരാരത്ത് രംഗ്‌സിവുതപോം തായ്‌ലാൻഡിൽ കൊലപാതകപരമ്പര ആരംഭിച്ചത്. 2023 ഏപ്രിൽ സുഹൃത്തിന്റെ കൊലപാതകത്തോടെയാണ് സരാരത്ത് പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം ബാങ്കോക്ക് കോടതി സരാരത്തിന് വധശിക്ഷ വിധിച്ചു.
തായ്‌ലാൻഡിലെ മാധ്യമങ്ങൾ ആം സയനൈഡ് എന്ന് വിളിക്കുന്ന സരാരത്തിന് പിടിയിലായതിന് ശേഷം പറയാനുണ്ടായിരുന്നത് താൻ കൊന്നു തള്ളിയ പതിനാല് പേരുടെ കഥകളായിരുന്നു. ചൂതാട്ടത്തിന് അടിമയായിരുന്നു 36 കാരിയായ സരാരത്ത് രംഗ്‌സിവുതപോം. ധനികരായ സുഹൃത്തുക്കളെ കൊലപ്പെടുത്തി അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങളും വസ്തുക്കളും മോഷ്ടിച്ചിരുന്നു. ആ പണം കൊണ്ട് വീണ്ടും ചൂതാട്ടത്തിലേർപ്പെടുകയായിരുന്നുവെന്നാണ് കേസ്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ബാങ്കോക്കിലെ റാച്ചബുരിയിൽ 32 കാരിയായ തന്റെ സുഹൃത്ത് സിരിപോൺ ഖാൻവോങ്ങുമായി സരാരത്ത് യാത്രപോയി. യാത്രക്കിടയിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും, ശേഷം നദിക്കരയുടെ സമീപത്ത് വെച്ച് സിരിപോൺ കുഴഞ്ഞ് വീണ് മരിക്കുകയുമായിരുന്നു. മരണത്തിൽ അസ്വഭാവികത തോന്നിയ ബന്ധുക്കൾ പരാതി നൽകി കേസന്വേഷണം ആരംഭിച്ചു.
പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സിരിപോണിൻ്റെ ശരീരത്തിൽ സയനൈഡിൻ്റെ അംശം കണ്ടെത്തുകയായിരുന്നു. സിരിപോണിനെ കണ്ടെത്തുമ്പോൾ അവരുടെ ഫോണും, പണവും, ബാഗും നഷ്ടപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. പിന്നെ നടന്ന അന്വേഷണത്തിലാണ് തായ്‌ലാൻഡിലെ സീരിയൽ കില്ലെറിന്റെ കഥയുടെ ചുരുളഴിയുന്നത്.
വധശിക്ഷ വിധിക്കും വരെയും അവർ കുറ്റം നിഷേധിച്ചു കൊണ്ടേയിരുന്നു. സുഹൃത്തുക്കളെ മാത്രമല്ല തന്റെ മുൻ കാമുകനെയും സരാരത്ത് സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നു. അതും തന്റെ മുൻ ഭർത്താവിന്റെ സഹായത്തോടെ. തായ്‌ലാൻഡിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനാണ് സരാരത്തിന്റെ ഭർത്താവായ വിറ്റൂൺ രംഗ്‌സിവുതപോം.
കഴിഞ്ഞ വർഷം ഇരുവരും വേർപിരിഞ്ഞിരുന്നു. മുൻ കാമുകനായ സുതിസാക് പൂങ്ക്വാനെ വിഷം കൊടുക്കാൻ സരാരത്തിനെ സഹായിച്ചത് മുൻ ഭർത്താവാണെന്ന് പൊലീസ് പറഞ്ഞു. സരാരത്തിന് വധശിക്ഷ വിധിച്ചതിനൊപ്പം തെളിവുകൾ നശിപ്പിച്ചതിനും, പ്രോസിക്യൂഷനിൽ നിന്നൊഴിവാകാനുള്ള ശ്രമത്തിൽ സരാരത്തിനെ സഹായിച്ചതിനും, മുൻഭർത്താവിനെയും സരാരത്തിന്റെ അഭിഭാഷകനെയും കോടതി ശിക്ഷിച്ചു. വിറ്റൂണിന് ഒരു വർഷവും നാല് മാസവും തടവും, അഭിഭാഷകന് രണ്ട് വർഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. തായ്‌ലൻഡിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയ ഒന്നാണ് സയനൈഡ്. അനധികൃതമായി സയനൈഡ് എത്തിക്കുന്നവർക്ക് രാജ്യത്ത് രണ്ട് വർഷത്തെ തടവാണ് ശിക്ഷ.