TMJ
searchnav-menu
post-thumbnail

TMJ Daily

കൊട്ടാരക്കരയിൽ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം; ഡോക്ടർമാർ സമരം തുടരും

11 May 2023   |   3 min Read
TMJ News Desk

കൊട്ടാരക്കരയിൽ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാർ ഇന്നും സമരം തുടരും. ഐഎംഎയുടേയും കെജിഎംഒയുടെയും നേതൃത്വത്തിലാണ് സമരം. സർക്കാർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ് പ്രതിഷേധിക്കുന്നത്. മുഖ്യമന്ത്രി ഇന്ന് ഡോക്ടർമാരുടെ സംഘടനകളുമായി ചർച്ച നടത്തും. ചീഫ് സെക്രട്ടറി ഇന്നലെ സംഘടനകളുമായി നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംഭവത്തിൽ ഹൈക്കോടതി ഇന്നലെ റിപ്പോർട്ട് തേടി. സംസ്ഥാന പൊലീസ് മേധാവിയോട് ഇന്ന് രാവിലെ റിപ്പോർട്ട് സമർപ്പിക്കാനും ഓൺലൈനായി ഹാജരാകാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടു എന്നും രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവമാണിതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തിയത്. പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലെ എന്നും കോടതി ചോദിച്ചു. ആശുപത്രിയിൽ നടന്ന സംഭവങ്ങൾ സർക്കാർ കോടതിയെ അറിയിച്ചു. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടു, സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. യുവ വനിതാ ഡോക്ടർമാർ എങ്ങനെ രാത്രിയിൽ ഹൗസ് സർജന്മാരായി ജോലി ചെയ്യും എന്നും കോടതി ചോദിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം ജില്ലാ പൊലീസ് മേധാവി 7 ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. 

കോട്ടയം സ്വദേശിനി വന്ദന ദാസാണ് (23) കൊല്ലപ്പെട്ട ഡോക്ടർ. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് പ്രതി. വൈദ്യപരിശോധനയ്ക്കാണ് ഇയാളെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊണ്ടുവന്നത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് സന്ദീപ് ഡോക്ടറെ കുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ബുധനാഴ്ച മുതൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് തുടരുകയാണ്. അക്രമത്തിൽ പൊലീസുകാരുൾപ്പെടെ നാലുപേർക്ക് പരിക്കുണ്ട്. ബുധനാഴ്ച പുലർച്ചെ യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി അക്രമാസക്തനായത്.

മരിച്ച ഡോക്ടറുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തേറ്റിരുന്നു. ചികിത്സക്കിടെയാണ് ഇയാൾ കത്രിക കൈക്കലാക്കിയത്. മുൻപും ഇയാൾ അക്രമ സ്വഭാവം കാണിച്ചിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു. പൂയപ്പള്ളിയിലെ അടിപിടി കേസിൽ അറസ്റ്റിലായ പ്രതി നെടുമ്പന യുപി സ്‌കൂൾ അധ്യാപകനാണ്.  ഡോക്ടർമാരുടെ സംരക്ഷണ കാര്യത്തിൽ സർക്കാർ പൂർണ പരാജയമാണെന്ന് ഐഎംഎ അധ്യക്ഷൻ ഡോ.സുൽഫി നൂഹ് പ്രതികരിച്ചു. പൊലീസിന്റെ അനാസ്ഥയാണ് കൊലപാതകം നടക്കാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാർ സമഗ്രാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമങ്ങളിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി. ഡോ വന്ദനയുടെ മൃതദേഹം മുട്ടുച്ചിറയിലെ വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.

ഡോക്ടർമാർക്കെതിരായ അക്രമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഉന്നതതല യോഗം ഇന്നലെ ചേർന്നു. സംഭവം ദുഃഖകരമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ഇന്റലിജൻസ് എ.ഡി.ജി.പി. ടി.കെ. വിനോദ്കുമാർ, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി വിജയ് സാക്കറെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങളിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോക്ടർമാർക്ക് ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കും. ഇക്കാര്യം ഉറപ്പുവരുത്താൻ ആശുപത്രികൾ പാലിക്കേണ്ട നിർദേശങ്ങളും മുഖ്യമന്ത്രി യോഗത്തിൽ അവതരിപ്പിച്ചു. സർക്കാർ, സ്വകാര്യമേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ ആശുപത്രികളിലേയും കാഷ്വാലിറ്റികളിലും ഒ.പികളിലും സി.സി.ടി.വി സ്ഥാപിക്കണം. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സി.സി.ടി.വി സംവിധാനം എയിഡ്പോസ്റ്റുമായി ബന്ധപ്പെടുത്തണം. ആശുപത്രികളിൽ ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. ഒ.പികളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ ഇനി മുതൽ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണം. എന്നാൽ നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല. അക്രമം നടന്നാൽ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. മെഡിക്കൽകോളേജ് പോലുള്ള വലിയ ആശുപത്രികളിൽ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണം. നിലവിലുള്ള ഏജൻസികളുടെ കാലാവധി തീരുന്ന മുറയ്ക്ക് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകണം എന്നിവയാണ് നിർദേശങ്ങൾ.

പ്രതിഷേധിച്ച് ഐഎംഎ

ഡോക്ടർ വന്ദന ദാസ് ദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തിൽ ബുധനാഴ്ച മുതൽ കേരളത്തിലുടനീളം ഐഎംഎ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കെജിഎംഒയും സമര നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കാത്തതിനെതിരെയും സുരക്ഷ നൽകുന്നതിൽ സർക്കാർ പരാജയമാണെന്നും സംഘടനകൾ ആരോപിക്കുന്നുണ്ട്. ഡോക്ടർമാർക്ക് എതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് മാർച്ച് 17 ന് സംസ്ഥാനത്തുടനീളം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സമരം നടന്നിരുന്നു. ജീവിച്ചിരിക്കാനുള്ള സമരമാണ് ഡോക്ടർമാർ നടത്തുന്നതെന്നും കേരളത്തിൽ ആഴ്ചയിൽ ഒരു അക്രമം വീതമാണ് ആരോഗ്യപ്രവർത്തകർക്കു നേരെ ഉണ്ടാവുന്നതെന്നും അന്ന് ഐഎംഎ പ്രസിഡന്റ് ഡോ സുൽഫി പറഞ്ഞിരുന്നു.

അതുപോലെ തന്നെ ഡോക്ടർമാർക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ എംഎൽഎ ഗണേഷ് കുമാർ നടത്തിയ പ്രസംഗത്തിൽ ചില ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്ന പ്രസ്താവനയ്ക്കെതിരെയും ഐഎംഎ രംഗത്തെത്തിയിരുന്നു. ഗണേഷ് കുമാറിന്റെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനോടും നിയമ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്നാണ്  ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും പറഞ്ഞത്. കേരളത്തിൽ ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങൾ തുടരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. പല സാഹചര്യങ്ങളിലും ചികിത്സാപിഴവ് ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ കയ്യേറ്റം ചെയ്യുന്ന നിരവധി വാർത്തകൾ അടുത്തകാലത്തായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. മാർച്ച് അഞ്ചിനാണ് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചത്. സംഭവം അപലപനീയമാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് അന്ന് പ്രതികരിച്ചത്. പ്രസവത്തിൽ കുഞ്ഞു മരിച്ചത് ഡോക്ടറുടെ പിഴവ് മൂലമെന്നായിരുന്നു ഉയർന്ന ആരോപണം. ഇതിനെ തുടർന്ന് മാർച്ച് ആറിന് കോഴിക്കോട് ഡോക്ടർമാർ പണിമുടക്കി പ്രതിഷേധം നടത്തിയിരുന്നു.


#Daily
Leave a comment