
കോട്ടയം മെഡിക്കൽ കോളേജ് അപകടം: മരിച്ച ബിന്ദുവിന്റെ വീട് ആരോഗ്യ മന്ത്രി സന്ദർശിച്ചു
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട് സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ബിന്ദുവിന്റെ അമ്മയെയും ഭർത്താവിനെയും മക്കളെയും കണ്ട്, സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാവുമെന്ന ഉറപ്പും നൽകിയാണ് മന്ത്രി മടങ്ങിയത്. സർക്കാരിൽ പൂർണ പ്രതീക്ഷയെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനും പറഞ്ഞു.
കുടുംബത്തിനുള്ള സർക്കാർ സഹായം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു. വിശ്രുതന്റെ മകന് പഠിപ്പിനനുസരിച്ചുള്ള തൊഴിൽ നൽകണമെന്ന് അഭ്യർത്ഥിച്ച കുടുംബത്തോട്, ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ധനസഹായം സംബന്ധിച്ച റിപ്പോർട്ട് തിങ്കളാഴ്ച കൈമാറുമെന്ന് കളക്ടർ പറഞ്ഞു. കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട് രണ്ട് അന്വേഷണങ്ങളാണ് നടത്തുന്നതെന്നും, കെട്ടിടത്തിന്റെ രേഖകൾ പഞ്ചായത്തിൽ നിന്നും ശേഖരിച്ച്, പഠനം പൂർത്തിയാക്കി ബൃഹത്തായ റിപ്പോർട്ട് നൽകുമെന്നും കളക്ടർ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാകുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.


