
കോവളം-ബേക്കല്‍ ജലപാത: ആദ്യ ഘട്ടം സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യും
കോവളം- ബേക്കല്‍ ജലപാതയുടെ ആദ്യ ഘട്ടമായി 280 കിലോമീറ്റര്‍ ദൂരം സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യും. തിരുവനന്തപുരത്തെ ആക്കുളം മുതല്‍ തൃശൂരിലെ ചേറ്റുവ വരെയുള്ള ഭാഗമാണ് തുറക്കുന്നത്.
ദേശീയ ജലപാത മൂന്ന് എന്നറിയപ്പെടുന്ന അഷ്ടമുടിക്കായല്‍ മുതല്‍ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം വരെയുള്ള ഭാഗം പുതിയ ജലപാതയുടെ ഭാഗമാണ്. ഇവിടെ ഡ്രജിങ് നടത്തി മണ്ണ് മാറ്റും.
യാത്രാബോട്ടുകള്‍ക്ക് മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തില്‍ ഈ പാതയിലൂടെ യാത്ര ചെയ്യാനാകും. ചെലവ് കുറഞ്ഞ യാത്ര മാര്‍ഗമായിട്ടാണ് ജലപാത വികസിപ്പിക്കുന്നത്.
ഈ പാതയിലെ രണ്ട് ടണലുകളും ഉണ്ട്. ചിലക്കൂരിലും വര്‍ക്കലയിലും ടണലിലൂടെയാണ് യാത്ര.
ഈ പാതയില്‍ കുട്ടനാട് ഭാഗത്തുവച്ച് ഉപ്പുവെള്ളം കയറാതിരിക്കാന്‍ തൃക്കുന്നപ്പുഴ ഭാഗത്ത് നാവിഗേഷന്‍ ലോക്ക് നിര്‍മ്മിക്കുന്നു.
4.48 മീറ്റര്‍ വരെ ഉയരമുള്ള ബോട്ടുകള്‍ക്ക് ഈ പാതയിലൂടെ യാത്ര ചെയ്യാനാകും. യാത്ര സുഗമമാക്കുന്നതിനായി കോട്ടപ്പുറം മുതല്‍ ചേറ്റൂര്‍ വരെയുള്ള ഭാഗത്ത് ഉയരം കുറഞ്ഞ നടപ്പാലങ്ങള്‍ പൊളിഞ്ഞ് പണിയും.
പശ്ചിമതീരക്കനാല്‍ എന്നും അറിയപ്പെടുന്ന കോവളം-ബേക്കല്‍ ജലപാതയുടെ വികസനത്തിനായി 1,523 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നുണ്ട്. കോവളം മുതല്‍ ആക്കുളം വരെ പാതാ വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്. കൂടാതെ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പശ്ചിമതീര കനാലിനെ ബന്ധിപ്പിക്കുന്നതിനായി പുതിയ കനാലുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്.


