TMJ
searchnav-menu
post-thumbnail

TMJ Daily

കോഴിക്കോട് മെഡിക്കല്‍ കോളേജ്: 5 പേരുടെ മരണകാരണം വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ചേരും

03 May 2025   |   1 min Read
TMJ News Desk

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിൽ ഇന്നലെ വൈകുന്നരേം ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പുക വമിച്ച സംഭവ സമയത്ത് അഞ്ച് പേര്‍ മരിച്ചത് സംബന്ധിച്ചതില്‍ വ്യക്തത വരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ഇവര്‍ മരിച്ചത് സ്വഭാവിക കാരണങ്ങള്‍ കൊണ്ടാണോ പുക ശ്വസിച്ചാണോയെന്നതില്‍ സംശയനിവാരണം വരുത്താനാണ് ബോര്‍ഡ് യോഗം ചേരുന്നത്.

ഇന്നലെ വൈകുന്നേരം എഴരയോടെയാണ് പി എം എസ് എസ് വൈ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ എംആര്‍ഐ യൂണിറ്റിന്റെ യുപിഎസ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൊട്ടിത്തെറിച്ച് പുകയുണ്ടായത്. ഈ കെട്ടിടത്തില്‍ 200 ഓളം രോഗികള്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

മൂന്ന് കോഴിക്കോട് സ്വദേശികളും ഒരു വയനാട് സ്വദേശിയും ഒരു അന്യസംസ്ഥാനക്കാരനുമാണ് മരിച്ചത്. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, വടകര സ്വദേശി സുരേന്ദ്രന്‍, വയനാട് സ്വദേശിനി നസീറ, പശ്ചിമബംഗാള്‍ സ്വദേശിനി ഗംഗ എന്നിവരാണ് സംഭവ സമയത്ത് മരിച്ചത്.

ഇവരുടെ മരണം പുക ശ്വസിച്ചത് മൂലമല്ലെന്ന് ആശുപത്രി അധികൃതര്‍ ഇന്നലെ രാത്രിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മരണം പുക ശ്വസിച്ചത് മൂലമാണെന്ന് ആരോപിച്ച് ടി സിദ്ധിക്ക് എംഎല്‍എ രംഗത്തെത്തിയിരുന്നു. കൂടാതെ, മരിച്ചവരുടെ ചില ബന്ധുക്കളും ആരോപണം ഉന്നയിച്ചു.

നസീറയേയും ഗംഗയേയും ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതാണ്. ഗംഗ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നുവെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന നസീറയെ അതില്‍നിന്നും മാറ്റിയത് മൂലമാണ് മരിച്ചതെന്ന് അവരുടെ സഹോദരന്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ അവരുടെ രോഗം കാരണം മരിച്ചുവെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

ബന്ധുക്കള്‍ ആക്ഷേപം ഉന്നയിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മൃതദേഹങ്ങള്‍ ഇപ്പോള്‍ മോര്‍ച്ചറിയിലാണുള്ളത്.


#Daily
Leave a comment