നിപ വൈറസ്; പുതിയ കേസുകളില്ല, ആശ്വാസ വാര്‍ത്തയെന്ന് ആരോഗ്യ മന്ത്രി
നിപ പരിശോധനക്കയച്ച 61 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇന്നലെ 42 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പിന്നാലെ ഹൈ റിസ്‌ക് വിഭാഗത്തിലെ 61 സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവായിരിക്കുന്നു. വാര്‍ത്ത വളരെ ആശ്വാസകരമാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത് 1,233 പേരാണ്.
36 വവ്വാലുകളുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് നിപ പരിശോധനക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്ന് വീണ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിലാണ് പരിശോധനാ സംവിധാനം ഉള്ളത്.
പ്രതിരോധം ശക്തം
നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും നടക്കുക. വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നും കളക്ടര്‍ ഉത്തരവിട്ടിരുന്നു. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിര്‍ദേശം ബാധകമാണ്. അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവിടങ്ങളിലും കുട്ടികളെ പ്രവേശിപ്പിക്കില്ല. പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.
കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ബേപ്പൂര്‍ ഹാര്‍ബറിലോ, ഫിഷ് ലാന്‍ഡിങ് സെന്ററുകളിലോ ഇനി അറിയിപ്പുകൂടാതെ ബോട്ടുകള്‍ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. പകരം മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കോഴിക്കോട് തന്നെയുള്ള വെള്ളിയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ, പുതിയാപ്പ് ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ അടുപ്പിക്കണം. ഇതിനായുള്ള നടപടികള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, അസി. ഡയറക്ടര്‍ എന്നിവര്‍ ചെയ്യേണ്ടതാണെന്നും കള്ക്ടര്‍ ശനിയാഴ്ച പറഞ്ഞിരുന്നു.