TMJ
searchnav-menu
post-thumbnail

TMJ Daily

എസ്‌കലേറ മെഗാ മേളയുമായി കോഴിക്കോട്; 200 വനിതാ സംരംഭകര്‍ അണിനിരക്കും

19 Aug 2023   |   2 min Read
TMJ News Desk

കേരളത്തിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് വനിതാ സംരംഭകരുടെ മെഗാ നടത്തുന്നു. ആഗസ്റ്റ് 20 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മേളയില്‍ 200 വനിതകളാണ് പങ്കെടുക്കുക. മേളയുടെ ഭാഗമായി ഫുഡ് കോര്‍ട്ടും കലാസന്ധ്യയും  ഉണ്ടാകും.  

വനിതകള്‍ക്ക് വേണ്ടി ഒരു പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍സി പദ്ധതി ഈ വര്‍ഷം കോര്‍പ്പറേഷന്‍ പുതുതായി അവതരിപ്പിക്കുകയാണ്. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ കൈത്താങ്ങാകുകയുമാണ് ഈ ഏകജാലക സേവന സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. അതിന്റെ തുടക്കമെന്ന നിലയിലാണ് എസ്‌കലേറ എന്ന പേരില്‍ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന വനിതാ സംരംഭക പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. 

മേളയ്ക്ക് മാറ്റുകൂട്ടാന്‍ കലാപരിപാടികളും 

സംരംഭകരുടെ തനത് ഉല്‍പന്നങ്ങളാണ് മേളയിലുള്ളത്. റെഡിമെയ്ഡ്  കൈത്തറി വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, കരകൗശല വസ്തുക്കള്‍, കളിമണ്‍ ഉല്‍പന്നങ്ങള്‍, ശുദ്ധമായ തേന്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മറയൂര്‍ ശര്‍ക്കര തുടങ്ങിയ ഉല്‍പന്നങ്ങള്‍ മേളയിലുണ്ടാകും. ആഗസ്റ്റ് 21 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് മേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വനം പരിസ്ഥിതി മന്ത്രി എകെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. 

മേളയുടെ ഭാഗമായി പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20 ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ മഴവില്‍ മനോരമ സൂപ്പര്‍ ഫോര്‍ സീസണ്‍ ടു ജേതാവും വിജയ് ടി വി സൂപ്പര്‍ സിംഗര്‍ സീസണ്‍ 9 താരവുമായ അഭിജിത് അനില്‍ കുമാറും മഴവില്‍ മനോരമ സൂപ്പര്‍ ഫോര്‍ സീസണ്‍ 2 താരമായ ജാന്‍വി ബൈജുവും നയിക്കുന്ന ധ്വനി സംഗീതരാവ് അരങ്ങേറും. ഓഗസ്റ്റ് 21 ന് വൈകിട്ട് 5.30 മുതല്‍ 9 വരെ തരംഗം എന്ന പേരില്‍ വിമന്‍ സെല്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ കലാപരിപാടികളും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളും പ്രമുഖ പിന്നണി ഗായകരുമായ സായി ബാലന്‍, ദീപക് ജെആര്‍ എന്നിവരുടെ ഗാനമേളയും നടക്കും. ഓഗസ്റ്റ് 22 ന് വൈകിട്ട് 6 മുതല്‍ 9 വരെ പ്രമുഖ ഗായിക ഇംതിയാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ മെഹ്ഫില്‍ ഉണ്ടായിരിക്കും. ആഗസ്റ്റ് 23 ന് വൈകിട്ട് 6 മുതല്‍ 9 വരെ തുടിതാളം സംഘത്തിലെ ആദിവാസി കലാപ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന കലാ അരങ്ങ് എന്ന പരിപാടിയും ഉണ്ടാകും.

ഓഗസ്റ്റ് 24 ന് വൈകിട്ട് 6 മുതല്‍ 9 വരെ ഫോക് ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന പൂരക്കളി, ചരടുകുത്തി കോല്‍ക്കളി എന്നിവയാണ് അരങ്ങിലെത്തുക. 25 ന് വൈകിട്ട് 5 മുതല്‍ കുടുംബശ്രീ റെസിഡന്‍ഷ്യല്‍ കലാമേളയുമുണ്ടാകും. 26 ന് വൈകിട്ട് 5 മുതല്‍ ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവ താരങ്ങള്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് ഷോയാണ് അരങ്ങിലെത്തുക. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. മാലിന്യ സംസ്‌കരണ രംഗത്തെ തൊഴില്‍ സാധ്യതകള്‍, വനിതാ സംരംഭകത്വം, സ്ത്രീ സുരക്ഷയും ശാക്തീകരണവും, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നീ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുക. ആഗസ്റ്റ് 26 ന് വൈകിട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനാകും.


#Daily
Leave a comment