
കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ കുമ്പളങ്ങാട് ബിജുവിനെ വധിച്ച കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. 1,44,000 രൂപ പിഴയും അടയ്ക്കണം. 2010 മെയ് 16നാണ് തൃശൂരില്‍ കുമ്പളങ്ങാട് ഗ്രാമീണ വായനശാലയുടെ മുന്നില്‍വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബിജുവിനെ വധിച്ചത്.
ജീവപര്യന്തം കൂടാതെ ആക്രമണം നടത്തിയതിന് 10 വര്‍ഷം തടവും സംഘം ചേരലിനും ഗൂഢാലോചനയ്ക്കും ഓരോ വര്‍ഷവും തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ എം രതീഷ് കുമാര്‍ ശിക്ഷയും വിധിച്ചു.
ബിജുവിനെ കൂടാതെ, പന്തലാട്ട് ജിനീഷിനെ വെട്ടിക്കൊലപ്പെടുത്താനും പ്രതികള്‍ ശ്രമിച്ചിരുന്നു.
കുമ്പളങ്ങാട് മൂരായില്‍ ജയേഷ് (43), ഇരവുകുളങ്ങര സുമേഷ് (42), കുറ്റിക്കാടന്‍ സെബാസ്റ്റ്യന്‍ (46), തൈക്കാടന്‍ ജോണ്‍സണ്‍ (51), കിഴക്കോട്ടില്‍ ബിജു എന്ന കുചേലന്‍ ബിജു (46) കരിമ്പന വളപ്പില്‍ സജീഷ് എന്ന സതീഷ് (39), കരിമ്പനവളപ്പില്‍ സുനീഷ് (34), കരിമ്പനവളപ്പില്‍ സനീഷ് (37) എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്.