തൊഴിലാളി ചൂഷണം: നാല് ഹിന്ദുജ കുടുംബാംഗങ്ങളെ തടവ് ശിക്ഷക്ക് വിധിച്ച് സ്വിസ് കോടതി
ജീവനക്കാരെ ചൂഷണം ചെയ്ത കേസില്‍ ഹിന്ദുജ കുടംബത്തിലെ നാലംഗങ്ങള്‍ക്ക് തടവ് ശിക്ഷ വിധിച്ച് സ്വിസ് കോടതി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലെ ഹിന്ദുജ ആഡംബര വില്ലയില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ ജീവനക്കാരെ ചൂഷണം ചെയ്ത കുറ്റത്തിനാണ് ശിക്ഷ. മനുഷ്യക്കടത്ത്, ചൂഷണം, സ്വിസ് തൊഴില്‍ നിയമങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ഹിന്ദുജ ഗ്രൂപ്പിനെതിരെ ആരോപിക്കപ്പെട്ടത്. എന്നാല്‍ മനുഷ്യക്കടത്തെന്ന ഗുരുതര കുറ്റം ക്രിമിനല്‍ കോടതി തള്ളി.
പ്രകാശ് ഹിന്ദുജ, ഭാര്യ കമാല്‍ ഹിന്ദുജ, മകന്‍ അജയ്, മരുമകള്‍ നമ്രത എന്നിവര്‍ക്കെതിരെയാണ് നടപടി. അഞ്ചാം പ്രതി ഹിന്ദുജ ബിസിനസ്സ് മാനേജരായ നജീബ് സിയാസിയാണ്. തൊഴിലാളികളെ ചൂഷണം ചെയ്തതിനും അനധികൃത തൊഴില്‍ നിയമനങ്ങള്‍ നടത്തിയതിനും നാല് പേരും കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു. തൊഴിലാളികളെ രാജ്യത്തേക്ക് കടത്തിയശേഷം പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുക, തുച്ഛമായ വേതനത്തിന് അമിതമായി ജോലിചെയ്യിപ്പിക്കുക, അവരുടെ സഞ്ചാരം നിയന്ത്രിക്കുക, സ്വിസ് ഫ്രാങ്കിന് പകരം രൂപയില്‍ വേതനം നല്‍കുക തുടങ്ങിയ തൊഴിലാളി വിരുദ്ധ, മനുഷ്യാവകാശ ലംഘനങ്ങളാണ് ഹിന്ദുജ കുടുംബം നടത്തുന്നതെന്ന് പരാതിക്കാരുടെ പക്ഷത്തെ അഭിഭാഷകന്‍ വാദിച്ചു.
2007 ലും സമാന കേസ്
2007 ല്‍ പ്രകാശ് ഹിന്ദുജ സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ കൃത്യമായ രേഖകളില്ലാതെ ആളുകളെ ജോലിക്ക് നിയമിക്കുന്നത് ഇയാള്‍ തുടര്‍ന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. പാചകക്കാര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലിക്കാര്‍ ദിവസം 18 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. സ്വിസ് നിയമപ്രകാരം നല്‍കേണ്ട തുകയുടെ പത്തിലൊന്നില്‍ താഴെയാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന വേതനം. ഇവര്‍ക്ക് വളരെ മോശമായ സാഹചര്യത്തില്‍ താമസിക്കേണ്ടി വരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. സ്റ്റാഫ് കരാറുകളില്‍ ജോലി സമയമോ അവധി ദിവസങ്ങളോ വ്യക്തമാക്കിയിട്ടില്ലെന്നും ഉടമയുടെ അനുമതിയില്ലാതെ വീടിന് പുറത്തേക്കിറങ്ങാന്‍ ഈ തൊഴിലാളികള്‍ക്ക് സാധിക്കില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ തൊഴിലാളികള്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും വില്ലയില്‍ നിന്ന് പുറത്തുപോകാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഹിന്ദുജ ഗ്രൂപ്പ് പ്രതികരിച്ചു. പ്രകാശ് ഹിന്ദുജ 2000 ത്തിലാണ് സ്വിസ് പൗരത്വം നേടുന്നത്. തന്റെ മൂന്ന് സഹോദരന്മാരോടൊപ്പം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മീഡിയ, റിയല്‍ എസ്‌റ്റേറ്റ്, ഹെല്‍ത്ത് തുടങ്ങി വിവിധ മേഖലകകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികളാണ് ഹിന്ദുജ ഗ്രൂപ്പ്.