
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു; നടപടി സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെ
ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലോക്‌സഭാ സെക്രട്ടേറിയേറ്റ് അയോഗ്യത പിൻവലിച്ച് അടിയന്തിര ഉത്തരവ് പുറത്തിറക്കിയത്.
വധശ്രമക്കേസിൽ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടേറിയറ്റ് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. എന്നാൽ ഇതിനു പിന്നാലെ ശിക്ഷയും തുടർനടപടികളും ഹൈക്കോടതി തടഞ്ഞിരുന്നു.
ജനുവരിയിൽ ഹൈക്കോടതി ശിക്ഷാവിധി തടഞ്ഞെങ്കിലും എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത ഇതുവരെ നീക്കിയിരുന്നില്ല. തുടർന്ന് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെ രാവിലെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യത പിൻവലിച്ച് ഉത്തരവിറക്കിയത്. കോടതികളിൽ നിന്ന് തുടർ നടപടി ഉണ്ടാകുന്നതുവരെ അയോഗ്യത പിൻവലിക്കുന്നു എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.