
ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' എന്ന ക്രിക്കറ്റ് ലീഗിനെ പൊണ്‍സീ സ്‌കീമെന്ന് വിശേഷിപ്പിച്ച് ലളിത് മോദി
വില്‍പ്പനയ്ക്കായി തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ECB) ദി ഹണ്ട്രഡ്' എന്ന ക്രിക്കറ്റ് ലീഗിനെ പൊണ്‍സീ സ്‌കീമെന്ന് വിശേഷിപ്പിച്ചു ലളിത് മോദി. ഐപിഎലിന്റെ സ്ഥാപകനും, മുന്‍ ഐപിഎല്‍ ചെയര്‍മാനുമായിരുന്ന ലളിത് മോദി എക്‌സിലെ ട്വീറ്റ് പരമ്പരകളിലൂടെയാണ് ഇതിനെപ്പറ്റി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ദി ഹണ്ട്രഡിന്റെ വില്പനയുമായി ബന്ധപ്പെട്ടിട്ടുള്ള സ്വകാര്യ രേഖയിലെ പ്രസക്ത ഭാഗങ്ങളും ലളിത് മോദി എക്‌സിലൂടെ പുറത്തുവിട്ടു.
അമിതമായ ആത്മവിശ്വാസം വെച്ചുപുലര്‍ത്തുന്ന കണക്കുകളാണ് വില്‍പ്പനയ്ക്കായുള്ള രേഖകളില്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നതെന്ന് ലളിത് മോദി പറഞ്ഞു. ഈ കണക്കുകളിലേക്ക് ഒരിക്കലും എത്തിച്ചേരാനാവില്ലെന്നും, ബോര്‍ഡ് അവകാശപ്പെടുന്ന തരത്തില്‍ ലീഗ് വലിയൊരു വിജയമാവില്ലെന്നും എക്‌സിലൂടെ അദ്ദേഹം വാദിച്ചു. ലളിത് മോദിയുടെ വാദങ്ങളോട് പ്രതികരിക്കാന്‍ ഇസിബി (ECB) തയ്യാറായില്ല.
2024ന്റെ തുടക്കത്തില്‍ ലീഗ് മത്സരത്തെ വാങ്ങുവാന്‍ ലളിത് മോദി ഉള്‍പ്പെട്ട സംഘം ഒരു ബില്യണ്‍ ഡോളറിന്റെ ഓഫറാണ് മുന്നോട്ട് വെച്ചത്. ലീഗിന്റെ 75 ശതമാനം വാങ്ങുവാനുള്ള 400 മില്യണ്‍ പൗണ്ടിന്റെ ഓഫര്‍ കഴിഞ്ഞ വര്‍ഷം ഇസിബി (ECB) തള്ളിക്കളഞ്ഞിരുന്നു. ഇപ്പോള്‍ ലീഗിന്റെ 49 ശതമാനമാണ് വില്‍പ്പനയ്ക്കായി മുന്നോട്ട് വെച്ചിട്ടുള്ളത്.
പ്രക്ഷേപണത്തിലൂടെ ലഭിക്കുന്ന വരുമാനം 39.8 മില്യണ്‍ പൗണ്ടില്‍ നിന്ന് 2029ഓടു കൂടി 107.2 മില്യണ്‍ പൗണ്ടിലേക്കെത്തുമെന്ന് ഇ സി ബി (ECB)യുടെ രേഖകളില്‍ പ്രവചിക്കുന്നു. സ്‌പോണ്‍സര്‍ഷിപ്പ് തുക 5.7 മില്യണ്‍ പൗണ്ടില്‍ നിന്നും ഇതേ കാലയളവില്‍ 22.2 മില്യണ്‍ പൗണ്ടിലേക്കെത്തുമെന്നും ഇസിബി (ECB)യുടെ രേഖകളില്‍ പറയുന്നു. എങ്കിലും ഈ പ്രവചനങ്ങള്‍ക്ക് ഒരു ഉറപ്പും തങ്ങള്‍ നല്‍കുന്നില്ലെന്നും രേഖകളില്‍ ഇസിബി (ECB) വ്യക്തമാക്കുന്നു. കണക്കുകളെല്ലാം മൂല്യനിര്‍ണയങ്ങളാണെന്നും, അവയില്‍ മാറ്റം വന്നേക്കാമെന്നും രേഖകളിലുണ്ട്.
ഐപിഎല്‍ നടത്തിപ്പിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലളിത് മോദി, 2010 മുതല്‍ ലണ്ടനിലാണ്. അന്വേഷണ കമ്മിറ്റി മുഴുവന്‍ ആരോപണങ്ങളിലും മോദി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം ക്രിക്കറ്റ് സംബന്ധിച്ചുള്ള അധികാര സ്ഥാനങ്ങളിലേക്ക് വരുന്നതില്‍ മോദിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. പിന്നീട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന്റെ നിഴലിലായ ലളിത് മോദി ഇന്ത്യ വിടുകയായിരുന്നു.