
മണ്ണിടിഞ്ഞ് താഴല്‍: ആമസോണ്‍ നഗരം നിലനില്‍പ്പ് ഭീഷണിയില്‍
ആമസോണിന്റെ ബ്രസീലിയന്‍ ഭാഗത്തെ വടക്കുകിഴക്കന്‍ അറ്റത്തെ ബുരിറ്റികുപു നഗരം ഭൂമിയിലേക്ക് താഴ്ന്നു പോകുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി വന്‍തോതില്‍ അനവധി മീറ്ററുകള്‍ ആഴത്തില്‍ ഭൂമി ഇടിഞ്ഞു താഴുന്നു. ഇതേതുടര്‍ന്ന് ഇവിടുത്തെ മുന്‍സിപ്പാലിറ്റി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വിള്ളല്‍ വലുതായി കൊണ്ടിരിക്കുന്നതിനാല്‍ ഏകദേശം 1200 ഓളം പേരുടെ വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇവിടെ ഏകദേശം 55,000 പേരാണ് വസിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് വിള്ളലിന്റെ വലിപ്പം വന്‍തോതില്‍ വര്‍ദ്ധിക്കുകയും ജനവാസകേന്ദ്രങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നുവെന്ന് തദ്ദേശസ്വയംഭരണസ്ഥാപനം പുറത്തിറക്കിയ അടിയന്തരാവസ്ഥ ഉത്തരവില്‍ പറയുന്നു.
അനവധി കെട്ടിടങ്ങള്‍ നിലവില്‍ തകര്‍ന്നു കഴിഞ്ഞുവെന്നും ഉത്തരവ് പറയുന്നു.
കഴിഞ്ഞ 30 വര്‍ഷത്തോളമായി നഗരം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നം വഷളാകുന്നതിന്റെ ലക്ഷണങ്ങളാണ് അടുത്തിടെ ഭൂമി താഴ്ന്നുപോയ സംഭവങ്ങള്‍. മണല്‍ സ്വഭാവമുള്ള മണ്ണ് മഴയില്‍ ഒലിച്ചു പോകുന്നു. കൂടാതെ, ആസൂത്രണമില്ലാത്ത കെട്ടിട നിര്‍മ്മാണവും വനനശീകരണവും തീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാകുന്നു.
വന്‍തോതിലെ മണ്ണൊലിപ്പിനെ ബ്രസീലിയന്‍ ഭാഷയില്‍ വൊകോറോക എന്നാണ് പറയുന്നത്. ഭൂമി വിണ്ട് കീറുക എന്നാണ് ഇതിന്റെ അര്‍ത്ഥം.
കനത്ത മഴ പെയ്യുമ്പോഴാണ് പ്രശ്‌നം വഷളാകുന്നതെന്ന് ഫെഡറല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ജിയോഗ്രാഫറുമായ മാഴ്‌സലിനോ ഫാരിയാസ് പറയുന്നു. നിലവില്‍ ഈ പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്.
ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശേഷി മുന്‍സിപ്പാലിറ്റിക്കില്ലെന്ന് പൊതുമരാമത്ത് സെക്രട്ടറിയും എഞ്ചിനീയറുമായ ലൂക്കാസ് കോണ്‍സീകാവോ പറയുന്നു.