മണ്ണിടിച്ചില്‍; സിക്കിമിലെ ടീസ്റ്റ ഡാം പവര്‍ സ്റ്റേഷന്‍ കെട്ടിടം തകര്‍ന്നു
കിഴക്കന്‍ സിക്കിമില്‍ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ ടീസ്റ്റ ഡാം പവര്‍ സ്റ്റേഷന്‍ കെട്ടിടം തകര്‍ന്നു. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്റെ പവര്‍ സ്റ്റേഷനാണ് തകര്‍ന്നത്. പദ്ധതിയുടെ ജിഐഎസ് കെട്ടിടത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകട മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 510 മെഗാവാട്ട് ടീസ്റ്റ സ്റ്റേജ് 5 അണക്കെട്ടിലെ പവര്‍ സ്റ്റേഷനാണ് തകര്‍ന്നത്. സിക്കിമിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ചുങ്താങ്ങിലെ ടീസ്റ്റ അണക്കെട്ട്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് പതിനെട്ടോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ദുരിതബാധിതരായ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പായി സജ്ജീകരിച്ച ബലൂതാറിലെ എന്‍എച്ച്പിസി ഗസ്റ്റ് ഹൗസിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്താനും പുനരുദ്ധാരണ ശ്രമങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പവര്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള മലയില്‍ ദിവസങ്ങളായി ചെറു മണ്ണിടിച്ചിലുകള്‍ സംഭവിക്കുന്നുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചയോടെ മലയുടെ ഒരു പ്രധാന ഭാഗം ഇടിഞ്ഞ് പവര്‍ സ്റ്റേഷന്‍ തകരുകയായിരുന്നു. 2023 ഒക്ടോബറില്‍ സിക്കിമില്‍ ഉണ്ടായ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും വടക്കന്‍ സിക്കിമില്‍ വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ടിരുന്നു. വടക്കന്‍, തെക്കന്‍ സിക്കിമിലെ മണ്ണിടിച്ചിലില്‍ ഒമ്പത് പേര്‍ അന്ന് മരിച്ചതായാണ് റിപ്പോര്‍ട്ട്.