
ഭാഷാ വിവാദം: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍
പഞ്ചാബില്‍ എല്ലാ സ്‌കൂളുകളിലും പഞ്ചാബി ഭാഷ നിര്‍ബന്ധമായും മുഖ്യ വിഷയമായി പഠിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. അഫിലിയേറ്റ് ചെയ്തിട്ടുള്ള ബോര്‍ഡുകള്‍ പരിഗണിക്കാതെ എല്ലാ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. പഞ്ചാബി ഭാഷ മുഖ്യ വിഷയമല്ലാത്ത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സാധുത ഇല്ലെന്നും നോട്ടിഫിക്കേഷന്‍ പറയുന്നു.
നേരത്തെ, തെലങ്കാന സര്‍ക്കാരും തെലുങ്ക് ഭാഷയ്ക്കായി സമാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നു. ബോര്‍ഡുകള്‍ പരിഗണിക്കാതെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒന്നാം ക്ലാസ് മുതല്‍ 10ാം ക്ലാസുവരെ തെലുങ്ക് നിര്‍ബന്ധമായും പഠിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് മൂന്ന് ഭാഷ നയം നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി തമിഴ്‌നാട് സര്‍ക്കാര്‍ കൊമ്പുകോര്‍ക്കുമ്പോഴാണിത്.
കുട്ടികളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഒഴിവുകഴിവായി ത്രിഭാഷ നയത്തെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് തമിഴ്‌നാട് ആരോപിക്കുന്നു.
അതേസമയം, സിബിഎസ്ഇ പുതിയ പരീക്ഷാ രീതി പഞ്ചാബി ഭാഷയെ പാര്‍ശ്വവല്‍ക്കരിക്കുന്നതാണെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍സ് പറഞ്ഞു. പഞ്ചാബി ഭാഷ വിവിധ സംസ്ഥാനങ്ങളില്‍ സംസാരിക്കുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്ന് ബെയ്ന്‍സ് പറഞ്ഞു.