
യുഎസിലെ അവസാന നാളുകള്‍ ഭീതിജനകം: സ്വയം-നാടുകടത്തിയ രഞ്ജനി വെളിപ്പെടുത്തി
കഴിഞ്ഞദിവസം യുഎസില്‍ നിന്നും സ്വയം-നാടുകടത്തിയ ഇന്ത്യക്കാരി പോയത് കാനഡയിലേക്കെന്ന് റിപ്പോര്‍ട്ട്. അവസാന നിമിഷം ഫ്‌ളൈറ്റ് ബുക്ക് ചെയ്താണ് താന്‍ യുഎസ് വിട്ടതെന്ന് അവര്‍ പറയുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് യുഎസ് വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് രാജ്യം വിടേണ്ടി വന്നത്. പാലസ്തീനിലെ ഹമാസിനെ അനുകൂലിച്ചുവെന്ന് ആരോപിച്ചാണ് രഞ്ജനിയുടെ വിസ യുഎസ് റദ്ദാക്കിയത്.
37 വയസ്സുകാരിയായ ഇവര്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ അര്‍ബന്‍ പ്ലാനിങ്ങില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്നു. ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചാണ് അവര്‍ യുഎസില്‍ ഗവേഷണത്തിനായി എത്തിയത്.
യുഎസിലെ അവസാന നാളുകള്‍ ഭീതികരമായിരുന്നുവെന്ന് അവര്‍ വിവിധ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം വിടാനുള്ള തീരുമാനം പെട്ടെന്നാണ് എടുത്തത്. പൂച്ചയെ സുഹൃത്തിനെ ഏല്‍പ്പിച്ചശേഷം കാമ്പസില്‍ താമസിച്ചിരുന്ന ഇടത്തുനിന്നും മാറി സഹായിക്കുമെന്ന് ഉറപ്പുള്ള ഏതാനും പരിചയക്കാര്‍ക്കൊപ്പമാണ് അവസാന ദിവസങ്ങള്‍ യുഎസില്‍ കഴിച്ചു കൂട്ടിയത്. തുടര്‍ന്ന് എല്ലാം ഉപേക്ഷിച്ചാണ് സുരക്ഷിതമായ ഒരിടം തേടി കാനഡയില്‍ എത്തിയത്.
വിസ റദ്ദായതിനുശേഷം യുഎസ് ഉദ്യോഗസ്ഥര്‍ രഞ്ജനിയെ പിടികൂടുന്നതിനായി പലതവണ കാമ്പസിലെ വാസ സ്ഥലത്ത് എത്തിയിരുന്നു. ആദ്യ തവണ ഉദ്യോഗസ്ഥര്‍ അവിടെ എത്തിയപ്പോള്‍ രഞ്ജനി അവിടെ ഉണ്ടായിരുന്നുവെങ്കിലും അവര്‍ അവിടെനിന്നും സ്ഥലംമാറി പോയെന്ന് പറഞ്ഞത് റൂംമേറ്റ് ഉദ്യോഗസ്ഥരെ മടക്കി അയക്കുകയായിരുന്നു. രഞ്ജനി കാനഡയിലേക്കുള്ള വിമാനയാത്രയുടെ വിവരങ്ങള്‍ ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് ഈ ഉദ്യോഗസ്ഥര്‍ എത്തിയത്. വളരെ ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയതെന്ന് അവര്‍ പറയുന്നു.
അവര്‍ വിമാനം കയറിയ ലാഗാര്‍ഡിയ വിമാനത്താവളത്തിലും ഒരാഴ്ച്ചയോളം ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ തുടര്‍ച്ചയായി പരിശോധന നടത്തി. ഹമാസിനെ അനുകൂലിച്ചതു കൊണ്ടാണ് വിസ റദ്ദാക്കിയത് എന്ന് യുഎസ് പറയുന്നുണ്ടെങ്കിലും അതിനുള്ള തെളിവുകള്‍ നല്‍കിയിട്ടില്ല.
യുഎസില്‍ നിയമവിരുദ്ധമായി വസിക്കുന്നവര്‍ക്ക് സ്വയം വെളിപ്പെടുത്തി രാജ്യം വിടാനുള്ള അവസരം നല്‍കുന്ന സംവിധാനം ഉപയോഗിച്ചാണ് അവര്‍ കാനഡയിലേക്ക് പോയത്. കാനഡയിലെ അജ്ഞാതമായ സ്ഥലത്തിരുന്നാണ് അവര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.