TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി; പുതിയ തീയതി സെപ്തംബര്‍ 12

18 Jul 2023   |   2 min Read
TMJ News Desk

സ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. അഭിഭാഷകര്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി മാറ്റിയത്. സെപ്തംബര്‍ 12 ആണ് പുതിയ തീയതി. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. 

ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ അടുത്ത ചൊവ്വാഴ്ചയിലേക്കു മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെയും സിബിഐയുടെയും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചൊവ്വാഴ്ച അസൗകര്യമാണെന്ന് പിണറായി വിജയനു വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചു. തുടര്‍ന്നാണ് സെപ്തംബര്‍ 12 ലേക്കു മാറ്റിയത്. 

നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയത്. ഹൈക്കോടതിയില്‍ കേസ് കേട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയത്. ഇതുവരെ 34 തവണയാണ് ലാവ്‌ലിന്‍ കേസ് മാറ്റിവച്ചിട്ടുള്ളത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ലാവ്ലിന്‍ കരാറും കേസും

1995 ഓഗസ്റ്റ് പത്തിന് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു ആധാരം. മൂന്നു വര്‍ഷത്തിനകം പുനരുദ്ധാരണം പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. 

യുഡിഎഫ് സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനാണ് എസ്എന്‍സി ലാവ്ലിനുമായി ആദ്യ ധാരണാപത്രം ഒപ്പുവച്ചത്. 20.31 കോടി രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസായി നിശ്ചയിച്ചിരുന്നത്. 

പിന്നീട് വന്ന ഇ.കെ നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയന്‍ കാനഡയില്‍ ലാവ്ലിന്‍ കമ്പനിയുമായി 1996 ഒക്ടോബര്‍ 15 ന് ചര്‍ച്ച നടത്തുന്നു. ഒപ്പം മലബാര്‍ കാന്‍സര്‍ സെന്ററിനു കൂടി സഹായം ആവശ്യപ്പെട്ടു. 20.31 കോടിയുടെ കണ്‍സള്‍ട്ടന്‍സി ഫീസിനു പുറമെ 149.15 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാനുമെന്ന ധാരണയോടെ 1997 ല്‍ അന്തിമ കരാര്‍ ഒപ്പുവച്ചു. 1998 മാര്‍ച്ച് മൂന്നിന് മന്ത്രിസഭായോഗം കരാര്‍ അംഗീകരിച്ചു. കരാറില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് 98.30 കോടി രൂപ ലാവ്ലിന്‍ കമ്പനി നല്‍കുമെന്നായിരുന്നു. എന്നാല്‍ കാന്‍സര്‍ സെന്ററിനു ലഭിച്ചത് 8.98 കോടി രൂപ മാത്രമാണ്. 

കരാര്‍ ലാവ്ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായതായി ആരോപിച്ച് സിഎജി രംഗത്തുവന്നു. 2006 ജനുവരി 20 ന് എസ്എന്‍സി ലാവ്ലിന്‍ ഇടപാടില്‍ ക്രമക്കേടു നടന്നെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കോട്ടയം വിജിലന്‍സ് എസ്പി എ.ആര്‍ പ്രതാപന്‍ ശുപാര്‍ശ ചെയ്തു. 

പിണറായി വിജയനെ ഒഴിവാക്കി കെഎസ്ഇബിയുടെ മൂന്ന് മുന്‍ ചെയര്‍മാന്മാരെയും, ഉദ്യോഗസ്ഥരെയും ലാവ്ലിന്‍ വൈസ്പ്രസിഡന്റിനെയും പ്രതി ചേര്‍ത്താണ് വിജിലന്‍സ് ആദ്യം കേസെടുത്തത്. കേസ് പിന്നീട് സിബിഐക്കു കൈമാറി. കേസില്‍ അഴിമതി നടന്നതായി സിബിഐ പ്രാഥമികമായി കണ്ടെത്തി. 

2006 ഫെബ്രുവരി എട്ടിന് സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ മാര്‍ച്ച് ഒന്നിന് കേസന്വേഷണം സിബിഐക്കു വിടാന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തീരുമാനിച്ചു. 

2006 ഡിസംബര്‍ നാലിന് കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നു വിഎസ് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി 16 ന് കേസ് സിബിഐ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 

2009 ജനുവരി 23 ന് മുന്‍ വൈദ്യുതി മന്ത്രിയായ പിണറായി വിജയനെ ഉള്‍പ്പെടുത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2013 നവംബര്‍ അഞ്ചിന് കേസില്‍ പിണറായി വിജയന്‍ അടക്കം മുഴുവന്‍ പ്രതികളും നിരപരാധികളാണെന്ന് വിചാരണ കോടതി വിധിച്ചു. 

2017 ഓഗസ്റ്റ് 23 ന് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു. വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ക്കെതിരായ വിചാരണ തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

2017 ലാണ് ലാവ്ലിന്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തുന്നത്. എന്നാല്‍ കേസ് ഒരിക്കല്‍ പോലും പരിഗണനയ്ക്കെടുത്തിട്ടില്ല.


#Daily
Leave a comment