TMJ
searchnav-menu
post-thumbnail

TMJ Daily

ഒമാനില്‍ നിയമഭേദഗതി; 28 മേഖലകളില്‍ കൂടി വിദേശ നിക്ഷേപത്തിന് വിലക്ക്

02 Sep 2024   |   1 min Read
TMJ News Desk

കൂടുതല്‍ വാണിജ്യ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ഉത്തരവ്. ഉത്തരവ് പ്രകാരം 28 മേഖലകള്‍ കൂടി ഒമാനി നിക്ഷേപകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നതിലൂടെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനായാണ് ഈ തീരുമാനം.

കരകൗശല വസ്തുക്കള്‍, ചര്‍മ സംരക്ഷണ സേവനങ്ങള്‍, ഇവന്റ്, ഫര്‍ണിച്ചര്‍ വാടക, ഉപയാഗിച്ച വാഹനങ്ങളുടെ ചില്ലറവില്‍പന തുടങ്ങിയവ പുതുതായി വിദേശ നിക്ഷേപ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. 

2019-2020 മന്ത്രിതല തീരുമാനത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് പുതിയ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപ നിയമത്തിലെ അനുച്ഛേദം 14ന് അനുസൃതമായാണ് പുതിയ തീരുമാനം. പുതുതായി 28 വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഒമാനികള്‍ക്ക് മാത്രമാക്കിയതോടെ വിദേശ നിക്ഷേപകരെ തടയുന്ന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ 123 ആയി. ഇവയില്‍ ഒമാനി നിക്ഷേപകരെ മാത്രമേ അനുവദിക്കൂ. നിയമമനുസരിച്ച് കമ്പനികളില്‍ വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശവുമുണ്ട്. അതേസമയം, രണ്ടായിരത്തിലേറെ വാണിജ്യ, വ്യവസായ പ്രവര്‍ത്തനങ്ങളില്‍ വിദേശികള്‍ക്ക് നിക്ഷേപിക്കാന്‍ ഇപ്പോഴും അനുവാദമുണ്ട്.




#Daily
Leave a comment