REPRESENTATIONAL IMAGE: PEXELS
ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി: 16 വയസ്സ് ആക്കേണ്ടതില്ലെന്ന് നിയമ കമ്മീഷന്‍
ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്ര നിയമ കമ്മീഷന്‍. പോക്‌സോ നിയമപ്രകാരമുള്ള പ്രായപരിധി 18 ല്‍ നിന്ന് 16 ആക്കി മാറ്റുന്നത് ഉചിതമല്ല. പ്രായപരിധി കുറയ്ക്കുന്നത് ശൈശവ വിവാഹത്തിനും കുട്ടികളെ കടത്തുന്നതിനുമെതിരെ പോരാടുന്നതിന് നിയമപരമായ തിരിച്ചടി ഉണ്ടാക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കേന്ദ്ര നിയമമന്ത്രാലയത്തിന് രണ്ട് റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്. ഇന്ത്യയില്‍ ഇപ്പോള്‍ 18 വയസ്സാണ് ലൈംഗിക ബന്ധത്തിനുള്ള നിയമപരമായ പ്രായം. 16-18 വയസ്സുകാര്‍ക്കിടയില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധങ്ങള്‍ വര്‍ധിച്ചുവരുന്ന സംഭവങ്ങളില്‍ നിയമപരമായി തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന കോടതികളാകണമെന്നും നിയമ കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.
ശൈശവ വിവാഹവും ലൈംഗിക ചൂഷണവും കൂടും
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കാനുള്ള മാനസിക വളര്‍ച്ച ഉണ്ടാകില്ലെന്നാണ് കമ്മീഷന്റെ പ്രധാന നിരീക്ഷണം. കൂടാതെ പ്രായപരിധി കുറയ്ക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്ത് നല്‍കുന്നതിന് മാതാപിതാക്കള്‍ക്ക് അവസരം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധിയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് നിയമ കമ്മീഷന്റെ ശുപാര്‍ശ.
2012 ല്‍ നിലവില്‍ വന്ന പോക്‌സോ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സമ്മതത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ യുഗം കുട്ടികള്‍ക്ക് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി താഴ്ത്തുന്നത് സൈബര്‍ ബുള്ളിയിങ് മുതല്‍ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തിലേക്ക് വരെ കുട്ടികളെ എത്തിക്കും.
കൗമാര പ്രണയത്തിലെ ശാരീരിക ബന്ധത്തിന്റെ പേരില്‍ ആണ്‍കുട്ടി ജയിലിലും പെണ്‍കുട്ടി ദുരിതത്തിലുമാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്‍ നേരത്തെ നിയമ ഭേദഗതിക്ക് ശുപാര്‍ശ ചെയ്തത്. കൗമാരപ്രണയത്തിനിടെ 16 നും 18 നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടി ശാരീരിക ബന്ധത്തിന് മൗനാനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ പോക്‌സോ നിയമത്തിലെ 10 വര്‍ഷമെന്ന കുറഞ്ഞ ശിക്ഷയേക്കാള്‍ ലഘുവായ ശിക്ഷ ആണ്‍കുട്ടിക്ക് നല്‍കാം. ഇത്തരം സംഭവങ്ങളില്‍ കേസിന്റെ സാഹചര്യവും വസ്തുതകളും പരിഗണിച്ച് കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയുന്ന തരത്തില്‍ പോക്‌സോ നിയമത്തിന്റെ ഭേദഗതി കൊണ്ടുവരണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ മൂന്ന് വയസ്സില്‍ കൂടുതല്‍ വ്യത്യാസമില്ലാത്ത കേസുകളായിരിക്കണം.
എന്നാല്‍ പ്രായപൂര്‍ത്തിയാകാതെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ നടത്താമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 16-18 വയസ്സിനിടയില്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ വിചാരണ ചെയ്യാന്‍ കോടതിയുടെ വിവേചനാധികാരം വിനിയോഗിക്കാമെന്നും കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നു.