TMJ
searchnav-menu
post-thumbnail

TMJ Daily

സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുകൾ പുറത്തുവിടണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

01 Dec 2024   |   1 min Read
TMJ News Desk

ർവീസിൽ തുടരവെ സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയവരുടെ പേരു വിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തു നൽകി. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാകുമെന്ന് കത്തിൽ പറഞ്ഞു.

ഗസറ്റഡ് റാങ്കിലുള്ളതടക്കം 1,458 സർക്കാർ ഉദ്യോഗസ്ഥരും ആഡംബര കാറുകളുള്ള അതിസമ്പന്നരും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ ഉണ്ടെന്ന കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണ്. പാവപ്പെട്ട ജനങ്ങളുടെ അവകാശമായ സാമൂഹിക സുരക്ഷാ പെൻഷൻ ലിസ്റ്റിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറിൽ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തിൽ സർക്കാർ സിഎജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അത്ഭുതകരമാണ്. 

സർക്കാർ ശമ്പള സോഫ്ട് വെയറായ സ്പാർക്കും സാമൂഹിക സുരക്ഷാ പെൻഷൻ സോഫ്ട് വെയറായ സേവനയും ഒത്തു നോക്കിയാൽ തന്നെ തട്ടിപ്പ് കണ്ടെത്താമായിരുന്നു. എന്നിട്ടും വിലപ്പെട്ട രണ്ടു വർഷമാണ് സർക്കാർ പാഴാക്കിയത്. 

ഇത്തരം ക്രമക്കേട് പുറത്തു വന്നത് സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തെ ബാധിക്കരുത്. പെൻഷൻ കുടിശ്ശിക അടക്കം ഉടൻ കൊടുത്തു തീർക്കണം. ഏതാനും സർക്കാർ ജീവനക്കാർ അനർഹമായ പെൻഷൻ കൈപ്പറ്റിയതിൽ ജീവനക്കാരെ ആകെ അധിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. അവരുടെ ന്യായമായ അവകാശങ്ങൾ ഇതിന്റെ പേരിൽ നിഷേധിക്കപ്പെടരുത്.

ക്ഷേമ പെൻഷൻ വിതരണത്തിന് ഉപയോഗിക്കുന്ന സോഫ്ട് വെയറിൽ ചില ഗുരുതരമായ പോരായ്മകൾ സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് അടിയന്തിരമായി പരിഹരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

#Daily
Leave a comment