
75 വയസ്സായാൽ നേതാക്കൾ വിരമിക്കണം: മോഹൻ ഭാഗവത്
രാഷ്ട്രീയ നേതാക്കൾ 75 വയസ്സ് കഴിഞ്ഞാൽ മറ്റുള്ളവർക്കായി വഴി മാറണമെന്ന ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ പരാമർശം ദേശീയ ശ്രദ്ധയിൽ. വരുന്ന സെപ്റ്റംബറിൽ 75 തികയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലക്ഷ്യം വച്ചാണ് ആർഎസ്എസ് സർസംഘ ചാലക് ഈ പരാമർശം നടത്തിയത് എന്നാണ് വ്യാഖ്യാനം. അന്തരിച്ച ആർഎസ്എസ് സൈദ്ധാന്തികൻ മൊറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് മോഹൻ ഭാഗവതിന്റെ പരാമർശം.
എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം 75 വയസ്സ് തികഞ്ഞപ്പോൾ വിരമിക്കാൻ നിർബന്ധിച്ച മോഡി, തന്റെ കാര്യത്തിലും ഇത് പ്രാവർത്തികമാക്കുമോ എന്ന് നോക്കാമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. പ്രായപരിധിയിൽ മോഡിക്ക് നേരത്തെ തന്നെ ഇളവ് നൽകിയിട്ടുള്ളതാണെന്ന് ബിജെപി പറഞ്ഞു. അഞ്ച് വർഷം മുൻപ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
ബിജെപിയിൽ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആർഎസ്എസിൽ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും, മോഹൻ ഭാഗവതിനും സെപ്റ്റംബറിൽ 75 വയസ്സ് തികയും. മോഹൻ ഭാഗവതിന്റെ പ്രസ്താവന വന്ന അതേ ദിവസം തന്നെ വിരമിക്കലിന് ശേഷമുള്ള ആഗ്രഹങ്ങളെക്കുറിച്ച് അമിത് ഷാ സംസാരിച്ചു. വേദങ്ങൾ, ഉപനിഷത്തുകൾ, ജൈവകൃഷി എന്നിവയ്ക്കായി സമയം ചിലവഴിക്കണമെന്ന് അമിത് ഷാ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ എന്ന് വിരമിക്കും എന്നതിനെപ്പറ്റി അദ്ദേഹം സൂചനകൾ ഒന്നും നൽകിയില്ല.


