
ലീഗ് കപ്പ് കിരീടം; ന്യൂകാസിലിന്റെ കിരീടവരള്‍ച്ച അവസാനിച്ചു
56 വര്‍ഷമായി ഒരു കിരീടത്തിനുവേണ്ടിയുള്ള കാത്തിരിപ്പിന് അന്ത്യം കുറിച്ചു കൊണ്ട് ന്യൂകാസില്‍ കിരീടം നേടി. ലീഗ് കപ്പില്‍ ലിവര്‍പൂളിനെ 2-1ന് തോല്‍പ്പിച്ചാണ് ന്യൂകാസില്‍ കിരീടം ഉയര്‍ത്തിയത്.
വെംബ്ലിയില്‍ നടന്ന ഫൈനലില്‍ എഡ്ഡി ഹോവ് നയിച്ച ന്യൂകാസില്‍ നിലവില്‍ പ്രീമിയര്‍ ലീഗില്‍ മുന്നിട്ട് നില്‍ക്കുന്ന ലിവര്‍പൂളിനെ ഞെട്ടിക്കുകയായിരുന്നു.
ആദ്യ പകുതിയുടെ അന്ത്യത്തോടെ ഡോന്‍ ബണ്‍ ന്യൂകാസിലിനെ മുന്നിലെത്തിച്ചു. ഇടവേളയ്ക്കുശേഷം അലക്‌സാണ്ടര്‍ ഇസാഖും ഗോളടിച്ചു. മത്സരം അവസാനിക്കുന്ന അന്തിമ നിമിഷങ്ങളിലാണ് ലിവര്‍പൂളിന് ഒരു ഗോള്‍ മടക്കാനായത്. ഫെഡറിക്കോ ഷീസയാണ് ഗോള്‍ നേടിയത്.
1969ലെ ഇന്റര്‍ സിറ്റീസ് ഫെയേഴ്‌സ് കപ്പിനുശേഷം ന്യൂകാസില്‍ നേടുന്ന ആദ്യത്തെ പ്രധാന കപ്പാണ് ലീഗ് കപ്പ്. കൂടാതെ, 1955ല്‍ എഫ്എ കപ്പ് നേടിയതിനുശേഷം ന്യൂകാസില്‍ നേടുന്ന ആഭ്യന്തര കിരീടം കൂടിയാണിത്.
രണ്ട് വര്‍ഷം മുമ്പ് ലീഗ് കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ന്യൂകാസില്‍ തോറ്റിരുന്നു. വെംബ്ലിയിലെ തുടര്‍ച്ചയായ ഒമ്പതാം തോല്‍വിയായിരുന്നു അത്.


