TMJ
searchnav-menu
post-thumbnail

പികെ കുഞ്ഞാലിക്കുട്ടി

TMJ Daily

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയില്‍ ലീഗ് പങ്കെടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

04 Nov 2023   |   1 min Read
TMJ News Desk

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയില്‍ ലീഗ് പങ്കെടുക്കില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. റാലിയിലേക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ട്, യുഡിഎഫിലെ കക്ഷി എന്ന നിലയില്‍ സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. റാലി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

ലീഗിന് വ്യക്തമായ നിലപാടുണ്ട്

പലസ്തീന്‍ വിഷയത്തില്‍ ലീഗിന് വ്യക്തമായ നിലപാടുണ്ട്. സിപിഎം പരുപാടി നടത്തട്ടെ. ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു. അതില്‍ ആരു പങ്കെടുത്താലും സന്തോഷമേയുള്ളൂ. എല്ലാവരും കൂടുതല്‍ ശക്തിയും പിന്തുണയും സംഭരിച്ചുകൊണ്ട് പലസ്തീനൊപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ട്. യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ പരുപാടിയില്‍ സാങ്കേതികമായി പങ്കെടുക്കാന്‍ കഴിയില്ല. പലസ്തീന്‍ വിഷയത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പലസ്തീന്‍ വിഷയത്തില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെടുത്ത നിലപാടിലേക്ക് മടങ്ങി വരണം. കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ രാജ്യം ഇടപെടണം എന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ആശയക്കുഴപ്പം ഉണ്ടാകുമെന്ന വിലയിരുത്തല്‍

നവംബര്‍ 11 നാണ് സിപിഎം കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. റാലിയിലേക്ക് സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കുന്നതിന് തടസ്സമില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞതോടെയാണ് വിഷയം ചര്‍ച്ചയായത്. പിന്നാലെ സിപിഎം റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ റാലിയില്‍ പങ്കെടുക്കില്ലെന്ന് നിലവില്‍ ലീഗ് വ്യക്തമാക്കിയിരിക്കുകയാണ്.

മുസ്ലിംലീഗ് സിപിഎമ്മിന്റെ റാലിയില്‍ പങ്കെടുത്താല്‍ യുഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടാകും എന്ന വിലയിരുത്തലുകള്‍ നേരത്തെ തന്നെ ഉയര്‍ന്നു വന്നിരുന്നു. റാലിയില്‍ പങ്കെടുക്കുന്നത് മുന്നണി ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. യുഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടാകും എന്ന നിലപാട് തന്നെയാണ് ലീഗ് നേതാക്കളും സ്വീകരിച്ചത്. റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സാദിഖലി ഷിഹാബ് തങ്ങളും നിലപാട് വ്യക്തമാക്കിയതോടെ ലീഗ് നേതൃത്വം റാലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.


#Daily
Leave a comment