കോവിൻ പോർട്ടലിൽ നിന്നുള്ള സ്വകാര്യ വിവരച്ചോർച്ച; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
കോവിൻ പോർട്ടലിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. സർക്കാർ വളരെ ലളിതമായാണ് വിഷയത്തെ സമീപിക്കുന്നത്, പൗരന്മാരുടെ സ്വകാര്യതയ്ക്ക് വരുന്ന ലംഘനത്തിന്റെ വ്യാപ്തി തിരിച്ചറിയണമെങ്കിൽ രാജ്യത്തെ മുഴുവൻ ഡാറ്റാ മാനേജ്‌മെന്റ് സംവിധാനങ്ങളെ കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം.
1.4 ബില്യൺ ഇന്ത്യക്കാരുടെ സ്വകാര്യത ലംഘിച്ചെന്ന വാർത്തയിൽ വിവര സാങ്കേതിക സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ ബാലിശമായ വിശദീകരണം ഞെട്ടിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ട്വീറ്റ് ചെയ്തു. മൊബൈൽ നമ്പർ നൽകിയാൻ ഒരു ടെലഗ്രാം ബോട്ടിന് കോവിൻ പോർട്ടലിലെ വിവരങ്ങൾ നൽകാൻ കഴിയുമെങ്കിൽ ഒരു ഓട്ടോമാറ്റഡ് സോഫ്റ്റ് വെയറിന് എല്ലാ വിവരങ്ങളും മണിക്കൂറുകൾക്കുള്ളിൽ ശേഖരിക്കാൻ സാധിക്കും, കോവിൻ പോർട്ടലിന് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്, സാങ്കേതിക വിദഗ്ധനായ മന്ത്രി വാട്ട്‌സ്ആപ്പ് ഫോർവേഡ് ശൈലിയിലുള്ള ട്വീറ്റുകൾ ചെയ്യുന്നതിന് പകരം എത്രയും വേഗം പത്ര സമ്മേളനം നടത്തി കാര്യങ്ങൾ വ്യക്തമാക്കണം എന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് കേന്ദ്രം
ആരോപണം അടിസ്ഥാന രഹിതമാണെന്നും വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാനുള്ള സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റസ്‌പോൺസ് ടീമിനോട് പ്രശ്‌നം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിൻ പോർട്ടലിലെ ഡാറ്റ സുരക്ഷിതമാണെന്നും മന്ത്രാലയം അറിയിച്ചു.
കോവിഡ്-19 വാക്‌സിനേഷൻ ആപ്ലിക്കേഷനാണ് കോവിൻ. ഇതുവഴി യൂണിയൻ ഗവൺമെന്റ് വ്യക്തികളുടെ സ്വകാര്യത ലംഘിച്ചു എന്നാണ് ഉയരുന്ന വിമർശനം. കോവിൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത വ്യക്തിഗത വിവരങ്ങൾ ടെലഗ്രാമിൽ ലഭ്യമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വ്യക്തികളുടെ മൊബൈൽ ഫോൺ നമ്പർ, ആധാർ വിവരങ്ങൾ, പാസ്‌പോർട്ട് വിവരങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് ഡാറ്റാബേസിൽ ലഭ്യമാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു. 'ചോദ്യം ഇതാണ്: 'ശക്തമായ ഡാറ്റ സുരക്ഷ' പിന്തുടരുന്നുവെന്ന് മോദി സർക്കാർ അവകാശപ്പെടുമ്പോൾ പാസ്പോർട്ട് നമ്പർ, ആധാർ നമ്പർ മുതലായവ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ എങ്ങനെ ചോർന്നു? എന്തുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള മോദി സർക്കാരിന് ഈ ചോർച്ചയെക്കുറിച്ച് അറിയാത്തത്, ഈ ഡാറ്റാ ലംഘനത്തെക്കുറിച്ച് ഇന്ത്യക്കാരെ അറിയിച്ചിട്ടുണ്ടോ? ആധാർ, പാസ്പോർട്ട് നമ്പറുകൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ സെൻസിറ്റീവ് വ്യക്തിഗത ഡാറ്റയിലേക്ക് ആർക്കാണ് മോദി സർക്കാർ പ്രവേശനം നൽകിയത്? എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
നിലവിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ട ടെലഗ്രാം ബോട്ടിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഡാറ്റ ചോർച്ച സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിന് ശേഷമാണിത്.