ഇന്ത്യക്ക് വീണ്ടും ലെബനൻ പരീക്ഷണം
സാഫ് കപ്പ് ഫുട്‌ബോൾ സെമിയിൽ ഇന്ത്യ ലെബനനെ നേരിടും. ഇന്റർ കോണ്ടിനെന്റ് കപ്പിൽ ലെബനനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ഈ ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇരു ടീമുകളും ഏറ്റ് മുട്ടിയപ്പോൾ സമനില ആയിരുന്നു മത്സര ഫലം.
ഇന്ത്യ x ലെബനൻ
ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ കളിയും ജയിച്ച് കൊണ്ടാണ് ലെബനൻ സെമിയിലേക്ക് മുന്നേറിയത്. ബംഗ്ലാദേശിനെ 2-0 നും, ഭൂട്ടാനെ 4-1 നും തകർത്ത ലെബനൻ അവസാന ഗ്രൂപ്പ് ഘട്ട മാച്ചിൽ മാലിദ്വീപിനെ 1-0 ന് തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിലേക്ക് കടക്കുകയായിരുന്നു. ഇരുപത്തി നാലാം മിനുട്ടിൽ ക്യാപ്റ്റൻ ഹസ്സൻ മാതുക്കിന്റെ ഫ്രീകിക്ക് ഗോളിലൂടെയാണ് ലെബനൻ മുന്നിലെത്തിയത്. മറുവശത്ത് ഇന്ത്യക്ക് നല്ല തുടക്കം കിട്ടിയെങ്കിലും അവസാന മത്സരത്തിൽ കുവൈത്തിനോട് സമനില വഴങ്ങിയത് തിരിച്ചടിയായി. സമനിലയോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിക്ക് ടിക്കറ്റ് എടുത്തത്. ഗ്രൂപ്പ് ബിയിൽ ഇന്ത്യക്കും കുവൈത്തിനും ഒരേ പോയിന്റ് ആണെങ്കിലും കൂടുതൽ ഗോൾ സ്‌കോർ ചെയ്തവരുടെ കണക്കിൽ കുവൈത്ത് ഒന്നാം സ്ഥാനം നേടുകയായിരുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനെ 4-0 നും നേപ്പാളിനെ 2-0 ഇന്ത്യ നേരത്തെ തോൽപ്പിച്ചിരുന്നു. ടൂർണമെന്റിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ ഒന്നാമതുള്ള ക്യാപ്റ്റൻ സുനിൽ ഛേത്രി തന്നെയാണ് ഇന്ത്യയുടെ ഈ ടൂർണമെന്റിലെയും നിർണായക താരം. ഇത് വരെ അഞ്ച് ഗോളുകളാണ് ഛേത്രി ഇന്ത്യക്കായി സ്‌കോർ ചെയ്തത്. ഇന്റർ കോണ്ടിനെന്റ് കപ്പിന്റെ ഫൈനലിൽ ലെബനനെ ഇന്ത്യ തോൽപ്പിച്ചെങ്കിലും ലോക റാങ്കിങ്ങിൽ തൊണ്ണൂറ്റി ഒൻപതാം സ്ഥാനത്ത് നിൽക്കുന്ന ലെബനൻ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി തന്നെയാണ്. ശനിയാഴ്ച വൈകുന്നേരം 07:30 നാണ് ഇരു ടീമുകളും ഏറ്റ് മുട്ടുക.
കുവൈത്ത് - ബംഗ്ലാദേശ്
സാഫ് കപ്പ് ഫുട്‌ബോളിലെ മറ്റൊരു സെമി ഫൈനലിൽ കുവൈത്ത് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യൻമാരായി കുവൈത്ത് സെമിയിൽ കടന്നപ്പോൾ ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് സെമിയിലേക്ക് മുന്നേറിയത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് ഇരു ടീമുകളും മത്സരിക്കുക. ജൂലൈ നാലിനാണ് ഫൈനൽ.