Representational Image
ഹിമാചലിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കൽ പരിഗണനയിൽ
കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു. സമഗ്രമായ പഠനം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എം.എല്‍.എ മാരുടെ അഞ്ചംഗ സമിതിക്ക് രൂപംനല്‍കി.
സംസ്ഥാനത്തിന് വരുമാനം ഉണ്ടാക്കുന്നതില്‍ കഞ്ചാവ് കൃഷി പ്രധാന പങ്കുവഹിക്കും. ഇതിന് ധാരാളം ഔഷധഗുണമുള്ളതിനാല്‍ രോഗികള്‍ക്ക് ഉപയോഗപ്രദമാകും. വ്യാവസായിക ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാമെന്ന് സുഖു ഷിംലയില്‍ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും എംഎല്‍എ മാരുടെ അഞ്ചംഗ സമിതിക്ക് രൂപംനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെക്കുറിച്ചും സമിതി സമഗ്രമായ പഠനം നടത്തും. അനധികൃത കഞ്ചാവ് കൃഷി നടക്കുന്ന സ്ഥലങ്ങള്‍ സമിതി സന്ദര്‍ശിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ സര്‍ക്കാര്‍ തീരുമാനമെടുക്കൂവെന്നും സുഖു കൂട്ടിച്ചേര്‍ത്തു.
പല സംസ്ഥാനങ്ങളിലും കഞ്ചാവ് കൃഷി നിയമവിധേയമായി നടക്കുന്നുണ്ട്. 2017 ല്‍ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ചില ജില്ലകളില്‍ നിയന്ത്രണ വിധേയമായും കൃഷി നടക്കുന്നുണ്ട്. അതുപോലെ ഉറുഗ്വ, കാനഡ, യുഎസ്എ, ഓസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിയന്ത്രിത രീതിയില്‍ കഞ്ചാവ് കൃഷി അനുവദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഞ്ചാവ് കൃഷി സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നതിനുമുമ്പ് എല്ലാ വശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്നും കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്ന മാതൃകകള്‍ പഠിക്കുമെന്നും മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു.