TMJ
searchnav-menu
post-thumbnail

TMJ Daily

ഇതിഹാസ നടന്‍ മനോജ് കുമാര്‍ അന്തരിച്ചു

04 Apr 2025   |   1 min Read
TMJ News Desk

പ്രമുഖ ബോളിവുഡ് നടന്‍ മനോജ് കുമാര്‍ (87) അന്തരിച്ചു. ദേശഭക്തി സിനിമകളായ ഷഹീദ് (1965), ഉപകാര്‍ (1967), പൂര്‍വ് ഓര്‍ പച്ഛിം (1970) തുടങ്ങിയ സിനിമകളിലൂടെ ഇതിഹാസ കലാകാരനെന്ന പേര് നേടിയ മനോജ് കുമാര്‍ മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

നെഞ്ച് വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ദ്വിതീയ മരണകാരണം ലിവര്‍ സീറോസിസ് എന്നാണെന്നും ആശുപത്രിയിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

സംവിധായകന്‍, തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധ നേടി. 1992ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. 2015ല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും ലഭിച്ചു.

ദേശഭക്തി സിനിമകളില്‍ അഭിനയിച്ചതിനാല്‍ ഭാരത് കുമാര്‍ എന്ന വിളിപ്പേരും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഹരിയാലി ഓര്‍ റാസ്ത, വോ കോന്‍ ഥി, ഹിമാലയ കി ഗോഡ് മെയ്ന്‍, ദോ ബദന്‍, പത്തര്‍ കെ സനം, നീല്‍ കമല്‍, ക്രാന്തി തുടങ്ങിയ ക്ലാസിക് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇന്നത്തെ പാകിസ്താനില്‍ ജനിച്ച മനോജ് കുമാറിന്റെ യഥാര്‍ത്ഥ പേര് ഹരികൃഷ്ണന്‍ ഗിരി ഗോസ്വാമി എന്നാണ്.


#Daily
Leave a comment