
ലിയോ പതിനാലാമന്‍ പുതിയ പോപ്പ്; അഭിനന്ദിച്ച് ലോകം
ആഗോള കത്തോലിക്ക സഭയുടെ പുതിയ പോപ്പായി കര്‍ദിനാള്‍ റോബര്‍ട്ട് പ്രിവോസ്റ്റിനെ തിരഞ്ഞെടുത്തു. അദ്ദേഹം പോപ്പ് ലിയോ പതിനാലാമന്‍ എന്നറിയപ്പെടും.
കത്തോലിക്ക സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ യുഎസുകാരനാണ് 69 വയസ്സുകാരനായ റോബര്‍ട്ട് പ്രിവോസ്റ്റ്. അനവധി വര്‍ഷങ്ങളായി ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവാണ് പ്രവര്‍ത്തന മേഖല.
കഴിഞ്ഞ മാസം കാലം ചെയ്ത പോപ് ഫ്രാന്‍സിസിന്റെ പിന്‍ഗാമിയായിട്ടാണ് ലിയോ പതിനാലാമനെ നിരഞ്ഞെടുത്തത്. അദ്ദേഹത്തിന് പെറുവിന്റെ പൗരത്വവുമുണ്ട്.
2023ലാണ് അദ്ദേഹം കര്‍ദിനാളായി നിയമിക്കപ്പെട്ടത്. ഇതുവരെ വളരെക്കുറച്ച് അഭിമുഖങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിട്ടുള്ളൂ. അതിനാല്‍ നാണംകുണുങ്ങിയായി അറിയപ്പെടുന്ന വ്യക്തിയാണ് ലിയോ പതിനാലാമന്‍. തിങ്കളാഴ്ച്ച മാധ്യമങ്ങളെ കാണുമെന്ന് വത്തിക്കാന്‍ അറിയിച്ചുണ്ട്.
ആദ്യ യുഎസ് പോപ്പായി തിരഞ്ഞെടുക്ക ലിയോ പതിനാലാമനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു. എന്നാല്‍, ട്രംപിന്റേയും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റേയും നയങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് ലിയോ പതിനാലാമന്‍.
അധികാരമേറ്റശേഷം ഇറ്റാലിയന്‍, സ്പാനിഷ് ഭാഷങ്ങളില്‍ പ്രസംഗിച്ച അദ്ദേഹം ഇംഗ്ലീഷ് ഉപയോഗിച്ചതേയില്ല. സമാധാനം നിങ്ങളോട് കൂടെയിരിക്കട്ടെയെന്ന് അദ്ദേഹം ഒഴുക്കുള്ള ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞു.
ലോക രാജ്യങ്ങള്‍ പുതിയ പോപ്പിനെ അഭിനന്ദിച്ചു. വത്തിക്കാനില്‍ നിന്നും ധാര്‍മ്മികവും ആത്മീയവുമായ പിന്തുണ തുടര്‍ന്നും ലഭിക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രതീക്ഷ പ്രകടിപ്പിച്ചപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ക്രിയാത്മകമായ സംവാദം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചരിത്രനിമിഷമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു.