
കാനഡയില്‍ ലിബറല്‍ പാര്‍ട്ടിക്ക് മുന്നേറ്റം
കാനഡയിലെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടി മുൻതൂക്കം നേടുമെന്ന് ഫലസൂചനകള്‍. എന്നാല്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആകെയുള്ള 343 സീറ്റുകളിൽ 172 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യം.
ഇന്നലെയായിരുന്നു പോളിങ്. മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഹൗസ് ഓഫ് കോമണ്‍സിലെ 343 സീറ്റുകളിലേക്കും ജില്ലകളിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഈ മാസം 14നാണ് മാര്‍ക്ക് കാര്‍ണി കാനഡയുടെ 24ാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ജസ്റ്റിന്‍ ട്രൂഡോ രാജി വച്ചതിന് പിന്നാലെയായിരുന്നു.
പൂര്‍ണമായ ഫല പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും ഭരണം നിലനിര്‍ത്താനുള്ള മുന്നേറ്റം ലിബറൽ പാര്‍ട്ടി നടത്തിയിട്ടുണ്ട്. ഇതിനോടകം അവര്‍ വിജയിച്ചതും മുന്നിട്ടു നില്‍ക്കുന്നതുമായ സീറ്റുകള്‍ പ്രകാരം മറ്റു പാര്‍ട്ടികളെക്കാള്‍ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകള്‍ അധികമാണ്. ലിബറലുകള്‍ 59 സീറ്റുകളില്‍ വിജയിക്കുകയും 101 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണെന്നുമാണ് വിവരം. അതേസമയം പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകള്‍ 56 സീറ്റുകളില്‍ വിജയിക്കുകയും 76 സീറ്റുകളില്‍ അവര്‍ മുന്നിട്ടു നില്‍ക്കുകയുമാണ്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡയും പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡയും തമ്മിലാണ് പ്രധാന മത്സരം.


