PHOTO: TWITTER
ദുരന്തഭൂമിയായി ലിബിയ: മരണം 5,000 കടന്നു; കാണാതായത് 10,000 പേരെ
ലിബിയയില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 5,300 കടന്നതായി റിപ്പോര്‍ട്ട്. 10,000 പേരെ കാണാതായതായി കണക്കാക്കപ്പെടുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഡെര്‍ന നഗരത്തോട് ചേര്‍ന്ന അണക്കെട്ടുകള്‍ പൊട്ടിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാനിടയാക്കിയത്.
കിഴക്കന്‍ നഗരമായ ഡെര്‍നയുടെ നാലിലൊന്ന് ഭാഗവും നശിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെര്‍നയില്‍ മാത്രം 2,200 പേര്‍ മരിക്കുകയും 1,000 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. നഗരത്തിന് സമീപത്തെ മലമുകളില്‍ സ്ഥിതി ചെയ്തിരുന്ന രണ്ടു ഡാമുകളാണ് തകര്‍ന്നത്. ദുരന്തം സംഭവിച്ച് 36 മണിക്കൂര്‍ കഴിഞ്ഞാണ് ഡെര്‍നയിലേക്ക് അടിയന്തര സഹായമെത്തിക്കാന്‍ കഴിഞ്ഞത്.
ദുരന്തതീവ്രത ഉയര്‍ന്നേക്കും
മരണസംഖ്യ ഉയരുമെന്ന് ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചു. ഡെര്‍ന നഗരത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ഒഴുകിപ്പോയി. ഇതിനോടകം 700 മൃതദേഹങ്ങള്‍ അധികൃതര്‍ മറവു ചെയ്തു. വെള്ളപ്പൊക്കം ഡെര്‍നയിലെ തീരദേശ റോഡുകള്‍ പൂര്‍ണമായും തകര്‍ത്തു.
കിഴക്കന്‍ ലിബിയയില്‍ ഞായറാഴ്ച വീശിയടിച്ച ഡാനിയേല്‍ കൊടുങ്കാറ്റാണ് വടക്കേ ആഫ്രിക്കന്‍ രാജ്യമായ ലിബിയയെ പ്രളയത്തില്‍ മുക്കിയിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ലിബിയ ദുരന്ത ഭൂമിയായി മാറിയിരിക്കുകയാണ്. ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെംഗാസിയെയും വെള്ളപ്പൊക്കം നാശത്തിലാക്കി. ഇവിടെയും മരണസംഖ്യ കുത്തനെ ഉയരുകയാണ്. പലയിടത്തും നഗരങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
ഡെര്‍നയ്ക്കും ബെംഗാസിക്കും പുറമെ ബയ്ദ, അല്‍ മര്‍ജ്, സുസ എന്നിവിടങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ട്. 7,000 ത്തോളം കുടുംബങ്ങളാണ് ദുരിത ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. പ്രളയത്തില്‍ നിരവധി പേര്‍ കടലിലേക്ക് ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സഹായവുമായി രാജ്യങ്ങള്‍
ദുരന്തത്തില്‍ തകര്‍ന്ന ലിബിയയ്ക്ക് അടിയന്തര സഹായവുമായി ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്താനാവശ്യമായ വാഹനങ്ങള്‍, റെസ്‌ക്യൂ ബോട്ടുകള്‍, ജനറേറ്ററുകള്‍, ഭക്ഷണം എന്നിവ എത്തിച്ചുകൊണ്ടിരിക്കുകയാണ്. യുഎന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അടക്കം രാജ്യാന്തര ഏജന്‍സികളും സഹായത്തിനായി എത്തിയിട്ടുണ്ട്.
ആഭ്യന്തര കലാപത്തിന്റെ കെടുതി അനുഭവിക്കുന്ന രാജ്യത്തെ പ്രകൃതി ദുരന്തം കൂടി സംഭവിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ലിബിയയെ രണ്ടായി വിഭജിച്ചാണ് നിലവില്‍ ഭരണം നടക്കുന്നത്. സൈനിക കമാന്‍ഡര്‍ ഖലീഫ് ഹിഫ്താറിന്റെ നിയന്ത്രണത്തിലാണ് കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ന സ്ഥിതിചെയ്യുന്നത്. 42 വര്‍ഷം ലിബിയ ഭരിച്ച മുവമ്മര്‍ ഗദ്ദാഫിലെ 2011 ല്‍ നാറ്റോയുടെ സഹായത്തോടെ വിമതര്‍ വധിച്ചതോടെയാണ് ലിബിയ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയത്.