PHOTO: FACEBOOK
എം.എല്‍.എ പി വി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ്; ലൈസന്‍സ് നല്‍കിയത് പാര്‍ക്കിനെതിരായ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെ
നിലമ്പൂര്‍ എം.എല്‍.എ പി. വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ കുട്ടികളുടെ പാര്‍ക്കിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചു. ഏഴു ലക്ഷം രൂപ ലൈസന്‍സ് ഫീ ഈടാക്കിയാണ് ഗ്രാമപഞ്ചായത്ത് ലൈസന്‍സ് നല്‍കിയത്. പാര്‍ക്കിന്റെ റവന്യു റിക്കവറി കുടിശികയായി രണ്ടര ലക്ഷം രൂപ വില്ലേജിലും അടച്ചിട്ടുണ്ട്. പാര്‍ക്കിന് അനുമതി നല്‍കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് കൂടരഞ്ഞി പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ച പിവിആര്‍ നേച്ചര്‍ ഒ പാര്‍ക്ക് പഠനം നടത്താതെ തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കാനിരിക്കുന്നത്.
വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
പി.വി.അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ലൈസന്‍സില്ലാതെ എങ്ങനെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.
ഉദ്യാനമെന്ന നിലയിലാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും റൈഡുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും പറഞ്ഞ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് സര്‍ക്കാരിന് കിട്ടേണ്ട കുടിശ്ശിക അടച്ചതിനു ശേഷമാണ് ലൈസന്‍സ് നല്‍കിയതെന്നും കുട്ടികളുടെ പാര്‍ക്കിന് മാത്രമാണ് അനുമതിയെന്നും വ്യക്തമാക്കി.